ഫുജൈറ : ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് മേഖലയിൽ കണ്ട പുക പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിതമായി ഉണ്ടായ തീപിടുത്തം മൂലമാണെന്ന് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. പതിവ് അറ്റകുറ്റപ്പണികൾക്കിടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ ഉടൻ തന്നെ ഫുജൈറ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും സമയോചിതമായ ഇടപെടലിലൂടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.