ഷാർജ : അഞ്ചുവയസ്സുകാരനായ മകൻ ചെറിയൊരു കാന്തിക മുത്ത് വായിലിടുന്നത് കണ്ട് ഷാർജ സ്വദേശിയായ അമ്മ അത് തട്ടിമാറ്റിയെങ്കിലും, അതിനകം കുട്ടി അത്തരം ഡസൻ കണക്കിന് മുത്തുകൾ വിഴുങ്ങിയിരുന്നു. ദിവസങ്ങൾക്ക് ശേഷം കുട്ടിക്ക് കടുത്ത ഛർദ്ദിയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ എൻഎംസി റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ കുട്ടിയുടെ ചെറുകുടലിൽ ചങ്ങല പോലെ കോർത്ത നിലയിൽ 52 കാന്തിക മുത്തുകൾ കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കാന്തങ്ങൾ ഉള്ളിൽ പോയതോടെ അവ കുടലിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് പരസ്പരം ആകർഷിക്കുകയും, ഇത് കുടലിൽ ഗുരുതരമായ വീക്കത്തിനും സുഷിരങ്ങൾ വീഴുന്നതിനും കാരണമാവുകയും ചെയ്തു. തുടർന്ന് ഡോക്ടർമാർ നടത്തിയ അടിയന്തര ശസ്ത്രക്രിയയിലൂടെ 52 കാന്തങ്ങളും വിജയകരമായി പുറത്തെടുത്ത് കുട്ടിയുടെ ജീവൻ രക്ഷിച്ചു. ചെറിയ മാഗ്നറ്റ് കളിപ്പാട്ടങ്ങൾ പോലും കുട്ടികൾക്ക് വലിയ ആന്തരിക പരിക്കുകൾ ഉണ്ടാക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
Tag: