അബുദാബി : യുഎഇയുടെ ‘നെറ്റ് സീറോ 2050’ ഹരിത ലക്ഷ്യങ്ങൾക്ക് പിന്തുണയുമായി ഹയർ കോളേജസ് ഓഫ് ടെക്നോളജിയും (HCT) പ്രമുഖ ആഗോള കമ്പനിയായ സീമെൻസും (Siemens) അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. സീമെൻസിന്റെ അത്യാധുനിക ‘ബിൽഡിംഗ് എക്സ്’ പ്ലാറ്റ്ഫോം ഉപയോഗിച്ച് കാമ്പസുകളിലെ ഊർജ്ജം, ജലം, മാലിന്യ സംസ്കരണം എന്നിവ നിരീക്ഷിക്കുന്ന സ്മാർട്ട് സംവിധാനം വികസിപ്പിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി പ്രത്യേക ഗ്രീൻ സ്കിൽ സർട്ടിഫിക്കേഷനുകളും ഇലക്ട്രിക് വാഹന ചാർജിംഗ് സൗകര്യങ്ങളും സംയുക്ത ഗവേഷണങ്ങളും ഈ പങ്കാളിത്തത്തിലൂടെ നടപ്പിലാക്കും.
NetZero2050
കാർബൺ മലിനീകരണം കുറയ്ക്കുന്നതിൽ ചരിത്രനേട്ടം; ഷാർജ വിമാനത്താവളത്തിന് അന്താരാഷ്ട്ര അംഗീകാരം
ഷാർജ : പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിലും സുസ്ഥിര വികസനത്തിലും ചരിത്രനേട്ടം കൈവരിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണൽ (ACI) നടപ്പിലാക്കുന്ന അന്താരാഷ്ട്ര കാർബൺ അക്രഡിറ്റേഷൻ പ്രോഗ്രാമിൽ അഭിമാനകരമായ ‘ലെവൽ 4’ (Level 4 – Transformation) പദവിയാണ് ഷാർജ വിമാനത്താവളം സ്വന്തമാക്കിയത്. തായ്ലൻഡിലെ ബാങ്കോക്കിൽ നടന്ന എസിഐ ഏഷ്യാ-പസഫിക് ആൻഡ് മിഡിൽ ഈസ്റ്റ് റീജിയണൽ അസംബ്ലിയിലാണ് ഈ ആഗോള ബഹുമതി പ്രഖ്യാപിച്ചത്.
ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഗണ്യമായി കുറയ്ക്കാനും, വിമാനത്താവളവുമായി സഹകരിക്കുന്ന മറ്റ് പങ്കാളികളെയും വ്യോമയാന കമ്പനികളെയും പരിസ്ഥിതി സൗഹൃദ പാതയിലേക്ക് നയിക്കാനും സാധിച്ചതാണ് ഷാർജയെ ഈ നേട്ടത്തിന് അർഹമാക്കിയത്. യുഎഇയുടെ ‘നെറ്റ് സീറോ 2050’ (Net Zero 2050) എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിതെന്ന് ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു. 2014-ൽ ലെവൽ 1 പദവിയോടെ യാത്ര തുടങ്ങിയ ഷാർജ വിമാനത്താവളം, 2016-ൽ എൽഇഡി ലൈറ്റുകളും സോളാർ പാനലുകളും സ്ഥാപിച്ച് ലെവൽ 2-ഉം, 2018-ൽ ലെവൽ 3-ഉം നേടിയിരുന്നു. തുടർന്ന് 2020-ൽ ജിസിസി മേഖലയിൽ തന്നെ ആദ്യമായി കാർബൺ ന്യൂട്രാലിറ്റി (Level 3+) കൈവരിച്ച വിമാനത്താവളമായി ഷാർജ മാറിയിരുന്നു. ഇപ്പോൾ പൂർണ്ണമായും സുസ്ഥിരമായ രീതിയിൽ കാർബൺ മലിനീകരണം ഇല്ലാതാക്കുന്ന ലെവൽ 4 പദവിയിലേക്ക് ഉയർന്നതോടെ മേഖലയിലെ മറ്റ് വിമാനത്താവളങ്ങൾക്ക് വലിയൊരു മാതൃകയായിരിക്കുകയാണ് ഷാർജ.