ദുബായ് : യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ചികിത്സാപ്പിഴവുകളിൽ ഏറ്റവും കൂടുതൽ ദന്തചികിത്സാ (Dentistry) രംഗത്താണെന്ന് സുപ്രീം കമ്മിറ്റി ഫോർ മെഡിക്കൽ ലയബിലിറ്റി വെളിപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആകെ ചികിത്സാപ്പിഴവുകളിൽ 32 ശതമാനവും ദന്തചികിത്സയിലാണ്. പ്രസവ-സ്ത്രീരോഗ വിഭാഗം (19%), ന്യൂറോ സർജറി (11%), ഓർത്തോപീഡിക്സ് (10%), കോസ്മെറ്റിക് സർജറി (9%) എന്നിവയാണ് തൊട്ടുപിന്നിൽ.
സോഷ്യൽ മീഡിയ സ്വാധീനം മൂലം ‘വിനിയേഴ്സ്’ പോലുള്ള കോസ്മെറ്റിക് ദന്തചികിത്സകൾക്ക് പ്രിയമേറിയതും, ജനറൽ ഫിസിഷ്യൻമാർ ആവശ്യത്തിന് പരിചയസമ്പത്തില്ലാതെ ഇത്തരം പ്രത്യേക ചികിത്സകൾ ചെയ്യുന്നതുമാണ് പിഴവുകൾ കൂടാൻ കാരണം. അതേസമയം, രാജ്യത്തെ മൊത്തം മെഡിക്കൽ പരാതികളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 42 ശതമാനത്തിന്റെ വൻ കുറവുണ്ടായിട്ടുണ്ട്. പരാതി നൽകാൻ 5,000 ദിർഹം ഫീസ് ഏർപ്പെടുത്തിയത് വ്യാജ പരാതികൾ കുറയാൻ കാരണമായി. ഡോക്ടർമാർ തങ്ങളുടെ മേഖലയ്ക്ക് പുറത്തുള്ള ചികിത്സകൾ ചെയ്യുന്നത് തടയാൻ ലൈസൻസിങ് നടപടികൾ കൂടുതൽ കർശനമാക്കുമെന്ന് കമ്മിറ്റി ചെയർമാൻ ഡോ. അബ്ദുൾ റസാഖ് അൽ മദനി വ്യക്തമാക്കി.