ദുബായ് : ഈ ദിവസങ്ങളിൽ യുഎഇയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ തുറന്നാൽ സുഹൃത്തുക്കളോ സഹപ്രവർത്തകരോ പങ്കുവെച്ച ‘സർട്ടിഫിക്കറ്റ് ഓഫ് അപ്രിസിയേഷൻ’ (Certificate of appreciation) നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദരസൂചകമായി ആരംഭിച്ച ‘യുഎഇ പ്ലെഡ്ജ് ആൻഡ് കമ്മിറ്റ്മെന്റ്’ (UAE Pledge and Commitment) എന്ന ദേശീയ ക്യാമ്പയിന്റെ ഭാഗമായാണ് ഈ സർട്ടിഫിക്കറ്റുകൾ പ്രവാസികളും സ്വദേശികളും ഒരുപോലെ പങ്കുവെക്കുന്നത്.
രാജ്യത്തോടുള്ള വിശ്വസ്തത, സമാധാനം, സഹിഷ്ണുത, സാമൂഹിക ഐക്യം, ദേശീയ ഉത്തരവാദിത്തം എന്നിവ ഉയർത്തിപ്പിടിക്കാനും യുഎഇയുടെ പാരമ്പര്യ മൂല്യങ്ങൾ വരുംതലമുറയ്ക്ക് കൈമാറാനും ആഹ്വാനം ചെയ്യുന്നതാണ് ഈ പ്രതിജ്ഞ. ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഈ പ്രതിജ്ഞയിൽ പങ്കാളികളാകുന്നവർക്കാണ് സ്വന്തം പേര് രേഖപ്പെടുത്തിയ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. തങ്ങൾക്ക് സുരക്ഷിതത്വവും മികച്ച കരിയറും മികച്ച ജീവിതസാഹചര്യങ്ങളും സമ്മാനിച്ച യുഎഇ എന്ന രാജ്യത്തോടുള്ള നന്ദിയും സ്നേഹവും പ്രകടിപ്പിക്കാനുള്ള അവസരമായാണ് പ്രവാസികൾ ഈ ക്യാമ്പയിനെ കാണുന്നത്. യുഎഇ നൽകുന്ന സുരക്ഷിതത്വവും ഭരണനേതൃത്വത്തിന്റെ ശക്തമായ തീരുമാനങ്ങളുമാണ് തങ്ങളുടെ വിജയത്തിന് പിന്നിലെന്ന് സർട്ടിഫിക്കറ്റ് പങ്കുവെച്ചുകൊണ്ട് പലരും കുറിക്കുന്നു. ഓൺലൈൻ വഴി ആർക്കും ഈ പ്രതിജ്ഞയുടെ ഭാഗമാകാനും സർട്ടിഫിക്കറ്റ് സ്വന്തമാക്കാനും സാധിക്കും.