അബുദാബി : ജറുസലേമിലെ വിശുദ്ധമായ അൽ-അഖ്സ മസ്ജിദിൽ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർ നടത്തുന്ന തുടർച്ചയായ അതിക്രമങ്ങളെയും പള്ളിയുടെ മുറ്റത്ത് ഇസ്രായേൽ പതാക ഉയർത്തിയതിനെയും ശക്തമായി അപലപിച്ച് യുഎഇ ഉൾപ്പെടെ എട്ട് പ്രമുഖ മുസ്ലിം രാജ്യങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE), ജോർദാൻ, തുർക്കി, ഈജിപ്ത്, ഇന്തോനേഷ്യ, പാകിസ്ഥാൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിലൂടെ ഇസ്രായേലിന്റെ നടപടികളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയത്.
ഇസ്രായേൽ സുരക്ഷാ സേനയുടെ സംരക്ഷണത്തോടെ കുടിയേറ്റക്കാർ നടത്തുന്ന ഇത്തരം പ്രകോപനപരമായ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി. അധിനിവേശം ചെയ്യപ്പെട്ട കിഴക്കൻ ജറുസലേമിന്റെ ചരിത്രപരവും നിയമപരവും ജനസംഖ്യാപരവുമായ സവിശേഷതകളെ മാറ്റാൻ ഇസ്രായേൽ നടത്തുന്ന ആസൂത്രിത ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. വിശുദ്ധമായ ഇസ്ലാമിക-ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ പവിത്രത തകർക്കാനുള്ള നീക്കങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നു. 144 ദുനാം വിസ്തൃതിയുള്ള അൽ-അഖ്സ മസ്ജിദ് പ്രദേശം മുസ്ലീങ്ങൾക്ക് മാത്രമായി ആരാധന നടത്താനുള്ള ഇടമാണെന്നും, ജോർദാൻ മന്ത്രാലയത്തിന് കീഴിലുള്ള ജറുസലേം എൻഡോവ്മെന്റ്സ് വകുപ്പിന് മാത്രമാണ് ഇതിന്റെ ഭരണം നിർവ്വഹിക്കാനുള്ള നിയമപരമായ അധികാരമെന്നും മന്ത്രിമാർ ആവർത്തിച്ചു വ്യക്തമാക്കി.