ദുബായ് : സുഹൃദ് രാജ്യമായ കുവൈറ്റിന് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. കുവൈറ്റിന്റെ പരമാധികാരത്തിന്മേലുള്ള നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്നും, ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയുയർത്തുന്നുവെന്നും യുഎഇ വിദേശകാര്യ മന്ത്രായലം (MoFA) പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കുവൈറ്റിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. യുഎസ്-ഇറാൻ സംഘർഷങ്ങൾക്കിടയിൽ കുവൈറ്റിന് നേരെയുണ്ടായ ഈ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും, അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു. കുവൈറ്റിന്റെ സുരക്ഷ യുഎഇയുടെയും സുരക്ഷയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കുവൈറ്റ് വ്യോമസേനയുടെ പ്രതിരോധ സംവിധാനങ്ങൾ കൃത്യസമയത്ത് ഇടപെട്ട് ഇറാനിയൻ മിസൈലുകളെയും ഡ്രോണുകളെയും ആകാശത്തുവെച്ച് തന്നെ വിജയകരമായി തകർത്തതായാണ് വിവരങ്ങൾ പുറത്തുവരുന്നത്. സൗദി അറേബ്യയും ജിസിസി (GCC) കൂട്ടായ്മയും കുവൈറ്റിന് നേരെയുണ്ടായ ഈ ആക്രമണത്തെ അപലപിക്കുകയും തങ്ങളുടെ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.