ദുബായ് : യുഎഇയിലെ വിദ്യാലയങ്ങൾ വേനലവധിക്കായി അടയ്ക്കുന്നതോടെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ആളുകൾ നാട്ടിലേക്കും വിദേശങ്ങളിലേക്കും യാത്ര തിരിക്കാൻ ഒരുങ്ങവെ, ആരോഗ്യ കാര്യത്തിൽ നിർണ്ണായക മുന്നറിയിപ്പുമായി യുഎഇയിലെ പ്രമുഖ ആരോഗ്യവിദഗ്ദ്ധർ. ടിക്കറ്റ് ബുക്കിംഗിനും വിസ നടപടികൾക്കും നൽകുന്ന പ്രാധാന്യം പലരും വാക്സിനേഷന് നൽകാറില്ലെന്നും യാത്രയുടെ തൊട്ടുമുൻപ് മാത്രം വാക്സിൻ എടുക്കുന്നത് രോഗപ്രതിരോധശേഷി നൽകില്ലെന്നുമാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്.
വിസ നടപടികളുടെ അവസാന ഘട്ടത്തിലോ അല്ലെങ്കിൽ യാത്രയ്ക്ക് തൊട്ടുമുൻപോ മാത്രമാണ് പലരും പോകുന്ന രാജ്യത്തെ വാക്സിൻ നിബന്ധനകളെക്കുറിച്ച് ചിന്തിക്കുന്നത്. യുഎഇയിൽ നിന്ന് ഹജ്ജ്, ഉംറ തീർത്ഥാടനത്തിന് പോകുന്നവർക്ക് മെനിംഗോകോക്കൽ, ഇൻഫ്ലുവൻസ വാക്സിനുകൾ നിർബന്ധമാണ്. എന്നാൽ പല വാക്സിനുകളും ശരീരത്തിൽ പ്രവർത്തിച്ച് രോഗപ്രതിരോധശേഷി കൈവരിക്കാൻ ആഴ്ചകളോളം സമയമെടുക്കും. ചിലതിന് ഒന്നിലധികം ഡോസുകളും ആവശ്യമാണ്. അതിനാൽ യാത്ര പുറപ്പെടുന്നതിന് കുറഞ്ഞത് 4 മുതൽ 6 ആഴ്ചകൾക്ക് മുൻപ് തന്നെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കണമെന്ന് ബുർജീൽ ഡേ സർജറി സെന്റർ, മെഡ്കെയർ ഹോസ്പിറ്റൽ, ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു. അവസാന നിമിഷം വാക്സിൻ എടുക്കുന്നത് വഴി വിമാനത്താവളങ്ങളിലെ തിരക്കിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സാംക്രമിക രോഗങ്ങൾ പകരാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച് കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹവും ഹൃദ്രോഗവുമുള്ളവർ എന്നിവർ യാത്രയ്ക്ക് ഒരു മാസം മുൻപ് തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ യാത്രാ വാക്സിനുകളും ബൂസ്റ്റർ ഡോസുകളും സ്വീകരിക്കണം.