യുഎഇ : നിർമ്മിത ബുദ്ധിയും (AI) പുതിയ സാങ്കേതികവിദ്യകളും ഭീകരസംഘടനകൾ ദുരുപയോഗം ചെയ്യുന്നത് ആഗോള സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് യുഎഇ. ഐക്യരാഷ്ട്രസഭയിൽ (UN) നടന്ന കൗണ്ടർ ടെററിസം വാരത്തിൽ പങ്കെടുത്തുകൊണ്ട് യുഎഇ സൈബർ സെക്യൂരിറ്റി മേധാവി ഡോ. മുഹമ്മദ് അൽ കുവൈത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എഐ സാങ്കേതികവിദ്യകൾ, സൈബർ ഇടങ്ങൾ, ഡ്രോണുകൾ (UAS) എന്നിവയുടെ ദുരുപയോഗം ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ സ്വഭാവം തന്നെ മാറ്റുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഭീകരവാദികൾ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നത് തടയാൻ ശക്തമായ സൈബർ സുരക്ഷാ സംവിധാനങ്ങളും വ്യക്തമായ നിയമനിർമ്മാണങ്ങളും രാജ്യങ്ങൾ തമ്മിലുള്ള വിവരക്കൈമാറ്റവും അനിവാര്യമാണെന്ന് യുഎഇ ചൂണ്ടിക്കാട്ടി. വിദ്വേഷ പ്രസംഗങ്ങളും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിക്കുന്നത് തടയുന്നതിനൊപ്പം സഹിഷ്ണുതയും സമാധാനപരമായ സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയ പ്രതിനിധി മഖ്സൂദ് ക്രൂസ് ഊന്നിപ്പറഞ്ഞു. കൗണ്ടർ ടെററിസം വാരത്തോടനുബന്ധിച്ച് ഇന്ത്യ, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരിച്ച് കൃത്രിമബുദ്ധിയും ഭീകരവാദ വിരുദ്ധതയും എന്ന വിഷയത്തിൽ യുഎഇ പ്രത്യേക ഉന്നതതല യോഗങ്ങളും സംഘടിപ്പിച്ചു.