ദുബായ് : യുഎഇയിൽ വിമാനക്കമ്പനികളും ട്രാവൽ ഏജൻസികളും പരസ്യങ്ങളിൽ നൽകുന്ന കുറഞ്ഞ യാത്രാ നിരക്കുകളും (Fares starting from), ഉപഭോക്താക്കൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ കാണിക്കുന്ന ഉയർന്ന തുകയും തമ്മിലുള്ള വലിയ വ്യത്യാസത്തെക്കുറിച്ച് പ്രവാസികൾക്കിടയിൽ പരാതികൾ ഉയരുന്നു. എന്നാൽ ഇത് ഉപഭോക്താക്കളെ പറ്റിക്കുന്ന പരസ്യങ്ങൾ അല്ലെന്നും, പകരം വിമാന സർവീസുകളിലെ ഡൈനാമിക് പ്രൈസിംഗ് സിസ്റ്റം, പ്രൊമോഷണൽ ടിക്കറ്റുകളുടെ പരിമിതമായ എണ്ണം, സീസണുകളിലെ ഉയർന്ന ഡിമാൻഡ് എന്നിവയാണ് ഈ വില വ്യത്യാസത്തിന് കാരണമാകുന്നതെന്നും ട്രാവൽ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു.
പരസ്യങ്ങൾ തയ്യാറാക്കുന്നത് ആ സമയത്ത് ലഭ്യമായ ഏറ്റവും കുറഞ്ഞ നിരക്കുള്ള ഏതാനും സീറ്റുകളെ അടിസ്ഥാനമാക്കിയാണെന്ന് പിനോയ് ടൂറിസം യുഎഇ സിഇഒ ഇംതിയാസ് ഹുസൈൻ നാസിർ പറഞ്ഞു. പ്രത്യേകിച്ച് സ്കൂൾ വേനലവധി, ഈദ് തുടങ്ങിയ തിരക്കേറിയ സമയങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ ഇത്തരം ടിക്കറ്റുകൾ വിറ്റുപോകാറുണ്ട്. അതോടെ കമ്പ്യൂട്ടർ സിസ്റ്റം അടുത്ത ഉയർന്ന നിരക്കിലേക്ക് മാറുന്നു. വിതരണക്കാർ നൽകുന്ന ഏറ്റവും കുറഞ്ഞ നിരക്ക് വെച്ചാണ് തങ്ങൾ ഓഫറുകൾ തയ്യാറാക്കുന്നതെന്നും ഡിമാൻഡ് കുറഞ്ഞ സമയങ്ങളിലാണ് ഇത്തരം പ്രൊമോഷനുകൾ കൂടുതലായി വരാറുള്ളതെന്നും ഗോ നൗ ടൂറിസം സ്ഥാപകൻ ഫാസിൽ ഫിരൂസ് വ്യക്തമാക്കി. പരസ്യങ്ങളിൽ കാണുന്ന നിരക്കുകളിൽ നികുതികളും മറ്റ് സർവീസ് ചാർജുകളും കൂടി ഉൾപ്പെടുത്തിയാൽ ഉപഭോക്താക്കൾക്ക് കൂടുതൽ സുതാര്യത ലഭിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഉയർന്ന ഡിമാൻഡുള്ള യുഎഇ വിപണിയിൽ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ വേഗത്തിൽ തീർന്നുപോകുമെന്നും, യാത്രക്കാർ പരസ്യങ്ങളിലെ നിബന്ധനകൾ ശ്രദ്ധിക്കണമെന്നും എസ്സിഎൻ ട്രാവൽ കൺസൾട്ടന്റ് ഇപ്ഷിത ശർമ്മയും ഓർമ്മിപ്പിച്ചു. തിരക്കേറിയ സീസണുകളിൽ യാത്ര ചെയ്യുന്നവർ നേരത്തെ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതാണ് ലാഭകരമെന്നാണ് ഈ രംഗത്തുള്ളവരുടെ പ്രധാന നിർദ്ദേശം.