ദുബായ് : ദുബായിൽ വാടകവീടുകളിൽ നിന്ന് മാറി സ്വന്തമായി ആദ്യ വീട് വാങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വൻ ആനുകൂല്യങ്ങളുമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ (DLD) ‘ഫസ്റ്റ് ടൈം ഹോം ബെയർ പ്രോഗ്രാം’ (First-Time Home Buyer Programme). ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസവുമായി (DET) സഹകരിച്ച് 2025 ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം തന്നെ 3,200-ലധികം ആളുകൾ സ്വന്തമായി വീട് വാങ്ങിക്കഴിഞ്ഞു.
നിലവിൽ പദ്ധതിയിലേക്ക് ഒമ്പത് പുതിയ പ്രമുഖ ഡെവലപ്പർമാരെക്കൂടി (Arada, Samana, Reportage ഉൾപ്പെടെ) ഉൾപ്പെടുത്തിയതോടെ ആകെ പങ്കാളികളുടെ എണ്ണം 22 ആയി ഉയർന്നു. ഇത് സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന വീടുകൾ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരമൊരുക്കുന്നു. ഉയർന്ന വാടക നിരക്കുകളിൽ നിന്ന് രക്ഷനേടാൻ ആഗ്രഹിക്കുന്നവർക്ക് സാധാരണ നിക്ഷേപകർക്ക് ലഭിക്കാത്ത മികച്ച സാമ്പത്തിക ആനുകൂല്യങ്ങളാണ് ഈ പദ്ധതി ഉറപ്പുനൽകുന്നത്.
ആർക്കൊക്കെ അപേക്ഷിക്കാം?
. യുഎഇയിൽ താമസക്കാരായ ഏത് രാജ്യക്കാർക്കും (Expats & Emiratis) അപേക്ഷിക്കാം.
. പ്രായം 18 വയസ്സോ അതിൽ കൂടുതലോ ആയിരിക്കണം.
. ദുബായിൽ സ്വന്തമായി മറ്റ് ഫ്രീഹോൾഡ് (Freehold) വീടുകൾ ഉണ്ടാകരുത്.
. വാങ്ങുന്ന പ്രോപ്പർട്ടിയുടെ വില 50 ലക്ഷം ദിർഹത്തിൽ (Dh5 million) കൂടരുത്.
ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് വഴിയോ ‘Dubai REST’ ആപ്പ് വഴിയോ ഇതിനായി രജിസ്റ്റർ ചെയ്യാം. യോഗ്യരായവർക്ക് ലഭിക്കുന്ന ക്യുആർ കോഡ് (QR Code) ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും ഡെവലപ്പർമാരിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റാം
.പ്രധാന ആനുകൂല്യങ്ങൾ :
1. പുതിയ പ്രോജക്ടുകളിൽ മുൻഗണന : പുതിയ ഫ്ലാറ്റുകളോ വില്ലകളോ വിപണിയിൽ എത്തുന്നതിന് മുൻപ് തന്നെ ഫസ്റ്റ് ടൈം ബയേഴ്സിന് ബുക്ക് ചെയ്യാൻ മുൻഗണന ലഭിക്കും.
2. പ്രത്യേക വിലക്കിഴിവ് : പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്കായി ഡെവലപ്പർമാർ പ്രത്യേക വിലക്കിഴിവുകൾ നൽകുന്നുണ്ട്.
3. മികച്ച ഹോം ലോൺ വ്യവസ്ഥകൾ : അഞ്ച് പ്രമുഖ പാർട്ണർ ബാങ്കുകൾ വഴി കുറഞ്ഞ പലിശനിരക്കിലും കുറഞ്ഞ പ്രൊസസിംഗ് ഫീസിലും വേഗത്തിൽ ഹോം ലോണുകൾ ലഭ്യമാക്കും.
4. കുറഞ്ഞ പ്രാരംഭ ചിലവുകൾ : വീട് രജിസ്ട്രേഷൻ ചിലവുകൾ (DLD Fees) പലിശയില്ലാത്ത തവണകളായി (Interest-free instalments) ക്രെഡിറ്റ് കാർഡുകൾ വഴി അടയ്ക്കാനുള്ള സൗകര്യം.
5. ഫ്ലെക്സിബിൾ പേയ്മെന്റ് പ്ലാൻ : ഓഫ്-പ്ലാൻ (Off-plan) പ്രോപ്പർട്ടികൾ വാങ്ങുന്നവർക്ക് ദീർഘകാലയളവിലേക്ക് പണം അടച്ചുതീർക്കാനുള്ള എളുപ്പമുള്ള പേയ്മെന്റ് പ്ലാനുകൾ.