ദുബായ് : വേനൽക്കാലത്ത് ദുബായിലെ തെരുവുകളിലും പാർക്കുകളിലും ചുവപ്പ് പരത്തി പൂത്തുനിൽക്കുന്ന വാക മരങ്ങളുടെ (Flame Trees) മനോഹര ചിത്രങ്ങൾ പകർത്താൻ താല്പര്യമുള്ളവർക്കായി ‘ഫ്ലേം ട്രീ സീസൺ ഫോട്ടോഗ്രാഫി മത്സരം’ പ്രഖ്യാപിച്ചു. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി, പ്രശസ്തമായ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി അവാർഡുമായി (HIPA) സഹകരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തുന്ന വിജയികൾക്ക് ആകെ 30,000 ദിർഹത്തിന്റെ (ഏകദേശം 6.8 ലക്ഷത്തിലധികം രൂപ) ക്യാഷ് പ്രൈസുകളാണ് ലഭിക്കുക.
ആകർഷകമായ സമ്മാനത്തുകകൾ :
ഒന്നാം സ്ഥാനം : 15,000 ദിർഹം
രണ്ടാം സ്ഥാനം : 10,000 ദിർഹം
മൂന്നാം സ്ഥാനം : 5,000 ദിർഹം
മത്സരത്തിൽ എങ്ങനെ പങ്കെടുക്കാം? ദുബായിലെ ഫ്ലേം ട്രീ സീസണുമായി ബന്ധപ്പെട്ട ഒരു ചിത്രം സ്വന്തമായി ക്യാമറയിലാക്കുക.
നിങ്ങളുടെ പബ്ലിക് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ (Instagram Account) ഈ ഫോട്ടോ പോസ്റ്റ് ചെയ്യുക.
പോസ്റ്റിനൊപ്പം #FlameTreeSeason എന്ന ഹാഷ്ടാഗ് നിർബന്ധമായും ഉപയോഗിക്കുക.
ഇൻസ്റ്റാഗ്രാമിൽ @dubaiculture, @hipaae, @flametreeseason എന്നീ അക്കൗണ്ടുകൾ ഫോളോ ചെയ്യുകയും, പോസ്റ്റിൽ ഇവ ടാഗ് ചെയ്യുകയോ മെൻഷൻ ചെയ്യുകയോ ചെയ്യുക.
ഒരാൾക്ക് ഒരു എൻട്രി മാത്രമേ സമർപ്പിക്കാൻ അനുവാദമുള്ളൂ. മുൻപ് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണെങ്കിലും മുകളിൽ പറഞ്ഞ രീതിയിൽ വീണ്ടും പങ്കുവെക്കാവുന്നതാണ്.
എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലൈ 31 വെള്ളിയാഴ്ച യുഎഇ സമയം രാത്രി 11:59 വരെയാണ്. വേനൽക്കാലത്തിന്റെ തുടക്കത്തിൽ ദുബായിലെ ജുമൈറ, അൽ സഫ, റാഷിദിയ, ദെയ്റ തുടങ്ങിയ പ്രദേശങ്ങളിൽ പൂത്തുലഞ്ഞു നിൽക്കുന്ന ഈ മരങ്ങൾ നഗരത്തിന്റെ ജീവന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമാണെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിശേഷിപ്പിച്ചിരുന്നു.