ദുബായ്: ദുബായിലെ പാർക്കിംഗ് സംവിധാനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പാർക്കിൻ (Parkin) അത്യാധുനിക ക്യാമറകൾ സ്ഥാപിക്കുന്നു. ട്രേഡ് സെന്റർ 1, ബുർജ് ഖലീഫ, അൽ കോർണിഷ് എന്നീ മേഖലകളിലായി 500-ലധികം കർബ്, പോൾ ക്യാമറകളാണ് ആദ്യഘട്ടത്തിൽ സജ്ജീകരിക്കുന്നത്. മേഖലയിൽ തന്നെ ഇത്തരത്തിലുള്ള കർബ്-സൈഡ് ക്യാമറകൾ ആദ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. പാർക്കിംഗ് സ്ഥലം കണ്ടെത്താനുള്ള സമയം ലാഭിക്കാനും, പിഴകൾ ഒഴിവാക്കാനും, പാർക്കിൻ ആപ്പ് വഴി ഓട്ടോമാറ്റിക് പേയ്മെന്റ് നടത്താനും ഈ പുതിയ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയം തിരിച്ചറിയുകയും, പാർക്കിംഗിൽ പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതുമായ സമയം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും. ഇതനുസരിച്ച് പാർക്കിംഗ് ഫീസ് പാർക്കിൻ വാലറ്റിൽ നിന്ന് തനിയെ ഈടാക്കും. പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകൾ തത്സമയ പാർക്കിംഗ് വിവരങ്ങൾ നൽകുന്നതിലൂടെ തിരക്ക് കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും സഹായിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലായി 200 ക്യാമറകൾ കൂടി സ്ഥാപിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.