ദുബായ്: കടുത്ത വേനൽച്ചൂടിൽ നിന്ന് രക്ഷനേടി ആരോഗ്യം സംരക്ഷിക്കാൻ ദുബായിലെ മാളുകളെ ഇൻഡോർ റണ്ണിങ് ട്രാക്കുകളാക്കി മാറ്റി യുഎഇ നിവാസികൾ. ദുബായ് സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടക്കുന്ന ‘ദുബായ് മാളത്തോൺ’ (Dubai Mallathon) എന്ന ജനപ്രിയ കായിക കൂട്ടായ്മയുടെ ഭാഗമായാണ് പുലർച്ചെ ആറ് മണി മുതൽ തന്നെ കുട്ടികളും മുതിർന്നവരും അടങ്ങുന്ന വൻ ജനക്കൂട്ടം മാളുകളിലേക്ക് ഒഴുകിയെത്തുന്നത്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം എയർകണ്ടീഷൻ ചെയ്ത സുരക്ഷിതമായ അന്തരീക്ഷത്തിൽ ഓടാനും നടക്കാനും സാധിക്കുന്നത് വഴി നിരവധി പേർക്ക് ഇതൊരു ദൈനംദിന ശീലമായി മാറിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം വിജയകരമായി തുടക്കം കുറിച്ച ഈ പദ്ധതിയുടെ രണ്ടാം പതിപ്പാണ് ഇപ്പോൾ നഗരത്തിൽ പുരോഗമിക്കുന്നത്. കഴിഞ്ഞ തവണ കേവലം ഒരു മാസം മാത്രം നീണ്ടുനിന്ന മാളത്തോൺ, ജനങ്ങളുടെ പങ്കാളിത്തം കണക്കിലെടുത്ത് ഇത്തവണ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള മൂന്ന് മാസക്കാലയളവിലേക്ക് നീട്ടിയിട്ടുണ്ട്. ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ്, ദുബായ് ഹിൽസ് മാൾ, ദുബായ് ഫെസ്റ്റിവൽ സിറ്റി, സിറ്റി സെന്റർ ദേര, സിറ്റി സെന്റർ മിർദിഫ് എന്നീ ആറ് പ്രമുഖ മാളുകളിലാണ് ഈ കായിക വിരുന്ന് നടക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് യാതൊരുവിധ രജിസ്ട്രേഷനും ആവശ്യമില്ലാതെ തന്നെ ഇതിന്റെ ഭാഗമാകാം. മാളുകളിൽ എത്തുന്നവർക്ക് സൗജന്യമായി റിസ്റ്റ്ബാൻഡുകളും കൃത്യമായ ഇടവേളകളിൽ കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ട്. 2025-ൽ നടന്ന ആദ്യ മാളത്തോണിൽ 40,000-ത്തിലധികം ആളുകൾ പങ്കെടുക്കുകയും ദുബായ് ഹിൽസ് മാളിൽ നടന്ന ഒരൊറ്റ ഓട്ടപ്പന്തയത്തിൽ 1,392 പേർ അണിനിരന്നതോടെ ഇത് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഇത്തവണത്തെ പതിപ്പിൽ എല്ലാ ശനിയാഴ്ചകളിലും പ്രൊഫഷണൽ റേസിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. മാളത്തോൺ സമയങ്ങളിൽ ചില ഔട്ട്ലെറ്റുകളിൽ പ്രത്യേക ഡിസ്കൗണ്ടുകളും ലഭ്യമാണ്.