ദുബായ് : ആരോഗ്യ പരിപാലനം, ആയുർദൈർഘ്യം, വെൽനസ്സ് മേഖലകളിൽ ദുബായെ ലോകത്തെ ഏറ്റവും മികച്ച ആഗോള ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ‘ദുബായ് ലോഞ്ചെവിറ്റി അതോറിറ്റി’ (Dubai Longevity Authority – DLA) രൂപീകരിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഉത്തരവിറക്കി. ഇതോടനുബന്ധിച്ചുള്ള 2026-ലെ 17-ാം നമ്പർ നിയമത്തിലാണ് അതോറിറ്റിയുടെ രൂപീകരണം പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അതോറിറ്റിയുടെ പ്രസിഡന്റായി ചുമതലയേൽക്കും. ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം (DET) ഡയറക്ടർ ജനറലായ ഹെലാൽ സയീദ് അൽമർറിയെ അതോറിറ്റിയുടെ ചെയർമാനായും നിയമിച്ചിട്ടുണ്ട്. ദുബായുടെ സാമ്പത്തിക അജണ്ടയായ ‘D33′, സോഷ്യൽ അജണ്ട ’33’ എന്നിവയുടെ ഭാഗമായാണ് പുതിയ അതോറിറ്റി പ്രവർത്തിക്കുക. ജീവിതനിലവാരത്തിൽ ദുബായെ ലോകത്തിലെ ഏറ്റവും മികച്ച ആദ്യ മൂന്ന് നഗരങ്ങളിൽ ഒന്നാക്കുക, ജനങ്ങളുടെ ആരോഗ്യകരമായ ആയുർദൈർഘ്യം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അത്യാധുനിക ബയോടെക്നോളജി, ലൈഫ് സയൻസ്, നൂതന മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവ പ്രയോജനപ്പെടുത്തി ആരോഗ്യമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അതോറിറ്റി നേതൃത്വം നൽകും.