ദുബായ് : പരമ്പരാഗത റെസ്റ്റോറന്റ് സങ്കൽപ്പങ്ങളിൽ നിന്ന് മാറി പ്രീമിയം ഡൈനിംഗും കുട്ടികളുടെ വിനോദവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ട് ബ്ലൂവാട്ടേഴ്സ് ഐലൻഡിലെ (Bluewaters Island) ‘റിബാംബെൽ’ (Ribambelle) റെസ്റ്റോറന്റ് ദുബായിലെ കുടുംബങ്ങൾക്കിടയിൽ തരംഗമാകുന്നു. മിഡിൽ ഈസ്റ്റിലെ തങ്ങളുടെ ആദ്യ ശാഖ ആരംഭിച്ച് ഒരു വർഷം പിന്നിടുമ്പോൾ തന്നെ സ്വദേശികളും വിദേശികളുമായ നിരവധി കുടുംബങ്ങളുടെ പ്രധാന ഒത്തുചേരൽ കേന്ദ്രമായി മാറാൻ റിബാംബെല്ലിന് സാധിച്ചു.
വെറുമൊരു ഫാമിലി റെസ്റ്റോറന്റ് എന്നതിനപ്പുറം, കുടുംബങ്ങളിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന ‘ആധുനിക അമ്മമാരുടെ’ (Modern mothers) താല്പര്യങ്ങളെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ഇതിന്റെ ഘടന. പ്രശസ്ത വ്യവസായി യുലിയ ഫെഡോറിഷിന (Yulia Fedorishina) 14 വർഷം മുൻപ് തുടക്കം കുറിച്ച ഈ ബ്രാൻഡ് നിലവിൽ നാല് രാജ്യങ്ങളിലായി പടർന്നുപന്തലിച്ചു കിടക്കുകയാണ്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കഴിഞ്ഞ 14 വർഷത്തിനിടെ രണ്ട് തവണയാണ് റിബാംബെൽ തങ്ങളുടെ ഇന്റീരിയറിലും മെനുവിലും വലിയ മാറ്റങ്ങൾ വരുത്തിയത്. കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദ മേഖലകൾ ഒരുക്കുമ്പോൾ തന്നെ, മുതിർന്നവർക്ക് മികച്ച അന്തരീക്ഷത്തിൽ പ്രീമിയം ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. വിനോദവും ഭക്ഷണവും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ദുബായിലെ കുടുംബങ്ങൾക്ക് മികച്ചൊരു കമ്മ്യൂണിറ്റി അനുഭവമാണ് റിബാംബെൽ സമ്മാനിക്കുന്നത്.