ദുബായ്: വേനൽക്കാല യാത്രാത്തിരക്ക് പ്രമാണിച്ച് ദുബായിലേക്കുള്ള സർവീസുകളുടെ എണ്ണം പ്രതിദിനം അഞ്ചായി വർദ്ധിപ്പിക്കാൻ ഒരുങ്ങി പ്രമുഖ വിമാനക്കമ്പനിയായ ഖത്തർ എയർവേസ്. വ്യോമപാത നിയന്ത്രണങ്ങളെത്തുടർന്നുണ്ടായ തടസ്സങ്ങൾക്ക് ശേഷം മേഖലയിലെ സർവീസുകൾ പഴയപടിയാക്കുന്നതിന്റെ ഭാഗമായാണ് ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാനക്കമ്പനിയുടെ പുതിയ തീരുമാനം.
നിലവിൽ ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്തുന്ന രണ്ട് സർവീസുകളാണ് ഘട്ടം ഘട്ടമായി അഞ്ചായി ഉയർത്തുന്നത്. ഇതിൽ മൂന്നാമത്തെ സർവീസ് ഉടനടി ആരംഭിക്കും. നാലാമത്തെ സർവീസ് ജൂൺ 15 മുതലും അഞ്ചാമത്തെ സർവീസ് ഈ വേനൽക്കാല സീസണിൽ തന്നെയും ലഭ്യമാകും. അത്യാധുനിക ബോയിങ് 777, എയർബസ് A350 വിമാനങ്ങളാണ് ഈ സർവീസുകൾക്കായി ഉപയോഗിക്കുക.
വേനൽക്കാലത്തെ വർദ്ധിച്ചുവരുന്ന യാത്രാ ആവശ്യങ്ങൾ നിറവേറ്റുന്നതിനും യാത്രക്കാർക്ക് കൂടുതൽ സമയക്രമീകരണങ്ങൾ നൽകുന്നതിനുമാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നതെന്ന് ഖത്തർ എയർവേസ് വ്യക്തമാക്കി. പുതിയ മാറ്റത്തോടെ ഇരു നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ 35 സർവീസുകൾ വരെ ഖത്തർ എയർവേസ് നടത്തും.