ദുബായ്: സുസ്ഥിര ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായിലെ മജ്ലിസുകളിലും കമ്മ്യൂണിറ്റി കൗൺസിലുകളിലും കല്യാണമണ്ഡപങ്ങളിലും ഇലക്ട്രിക് വാഹന (EV) ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയും (CDA) യുഎഇയുടെ ആദ്യ സമ്പൂർണ്ണ സർക്കാർ ഉടമസ്ഥതയിലുള്ള ഇവി ചാർജിംഗ് ശൃംഖലയായ ‘യുഎഇവി’യും (UAEV) തമ്മിലാണ് ഇത് സംബന്ധിച്ച തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചത്. പൊതുജനങ്ങൾ കൂടുതൽ എത്തുന്ന സാമൂഹിക കേന്ദ്രങ്ങളിൽ ഇവി ചാർജിംഗ് സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
യുഎഇയുടെ ‘നെറ്റ് സീറോ 2050’ സുസ്ഥിരതാ നയത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സിഡിഎ തങ്ങളുടെ കീഴിലുള്ള കമ്മ്യൂണിറ്റി കേന്ദ്രങ്ങളിൽ ഹരിത ഇൻഫ്രാസ്ട്രക്ചർ ഒരുക്കുന്നത്. ഗവൺമെന്റിന്റെ ഔദ്യോഗിക നാഷണൽ ചാർജ് പോയിന്റ് ഓപ്പറേറ്റർ (CPO) എന്ന നിലയിൽ യുഎഇവി ഈ പദ്ധതിക്ക് ആവശ്യമായ ചാർജിംഗ് സൗകര്യങ്ങൾ സജ്ജമാക്കും. താമസക്കാർക്കും സന്ദർശകർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിൽ പരിസ്ഥിതി സൗഹൃദ ഗതാഗതം കൂടുതൽ എളുപ്പമാക്കാൻ ഈ പങ്കാളിത്തം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.