ദുബായ് : യുഎഇയിലെ പ്രമുഖ വാണിജ്യ സ്ഥാപനങ്ങളുടെ ഉൾപ്പെടെ ഇന്റീരിയർ ഡിസൈനിംഗിൽ തനത് മുദ്ര പതിപ്പിച്ച മലയാളി ഡിസൈനറും തൃശ്ശൂർ കേച്ചേരി സ്വദേശിയുമായ ഷഫീദ് ഇബ്രാഹിം (40), ഭാര്യ ഷാഹിന (32) എന്നിവർ മലപ്പുറത്തുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചു. ഷാഹിനയുടെ ബന്ധുവായ ജഹാന ഷെറിനും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. യാത്രയ്ക്കിടയിലെ ഒരു സ്റ്റോപ്പിൽ വെച്ച് മറ്റൊരു കാറിലേക്ക് മാറിയതിനാൽ ഇവരുടെ ആറ് വയസ്സുകാരിയായ മകൾ സൻഫ ഫാത്തിമ അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രമുഖ വ്യവസായിയും മലയാള ചലച്ചിത്ര നിർമ്മാതാവുമായ തോമസ് തിരുവല്ലയുടെ ദുബായിലെ ഇന്റീരിയർ ഡിസൈനിങ് കമ്പനിയിൽ കഴിഞ്ഞ 13 വർഷമായി ചീഫ് ഡിസൈനറായിരുന്നു ഷഫീദ്. യുഎഇയിലെയും സൗദിയിലെയും പ്രമുഖ രാജ്യാന്തര ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ, ദുബായ് മാളിലെ റെസ്റ്റോറന്റുകൾ, പ്രമുഖ ബാങ്കുകളുടെ ശാഖകൾ എന്നിവ രൂപകൽപ്പന ചെയ്തത് ഷഫീദായിരുന്നു. ഇതിനുപുറമെ, തോമസ് തിരുവല്ല നിർമ്മിച്ച ‘ഭരതനാട്യം’, ‘ഭരതനാട്യം 2’ ഉൾപ്പെടെ എട്ടോളം സിനിമകളുടെ പിച്ച് ഡെക്കുകൾ ഒരുക്കിയതും ഷഫീദായിരുന്നു. ഷാർജയിൽ താമസിച്ചിരുന്ന ഷഫീദ് നാട്ടിൽ ‘ദുബായ് റോഡ്’ എന്നറിയപ്പെടുന്ന തെരുവിൽ തന്റെ സ്വപ്നതുല്യമായ വീടിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനിടയിലാണ് പ്രകൃതി ദുരന്തം പോലെ മരണം കവർന്നത്.