ദുബായ്: ദുബായിലെ റോഡ് ടണലുകളുടെ മുഖച്ഛായ മാറ്റാനും യാത്രക്കാർക്ക് വേറിട്ട അനുഭവം നൽകാനുമായി പുതിയ കലാപദ്ധതിയുമായി ദുബായ് കൾച്ചറും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും രംഗത്ത്. നഗരത്തിലെ തുരങ്കങ്ങളെ മനോഹരമായ കലാസൃഷ്ടികളാൽ അലങ്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി യുഎഇ സ്വദേശികളായ കലാകാരന്മാർക്കും യുഎഇയിൽ താമസിക്കുന്ന മറ്റ് കലാകാരന്മാർക്കുമായി ദുബായ് കൾച്ചർ അപേക്ഷകൾ ക്ഷണിച്ചു .
നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം കലയെ പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കലാകാരന്മാരുടെ സൃഷ്ടികൾ നഗരത്തിലെ പ്രധാന ടണലുകളിൽ പ്രദർശിപ്പിക്കും. ഇത്തരത്തിൽ പൊതുവിടങ്ങളെ സർഗ്ഗാത്മകമായി മാറ്റുന്നത് ദുബായിയെ ഒരു തുറന്ന മ്യൂസിയമായി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. താൽപ്പര്യമുള്ള കലാകാരന്മാർക്ക് ഈ ഉദ്യമത്തിൽ പങ്കാളികളാകാനും ദുബായിയുടെ സാംസ്കാരിക അടയാളങ്ങൾ രൂപപ്പെടുത്തുന്നതിൽ പങ്ക് വഹിക്കാനും സാധിക്കും.