ദുബായ് : ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് മികച്ച സേവനങ്ങളും സ്വതന്ത്രമായ യാത്രാ സൗകര്യവും ഉറപ്പാക്കുന്നതിനായി ‘ദുബായ് യൂണിവേഴ്സൽ ഡിസൈൻ കോഡ്’ പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ ആർടിഎ പൂർത്തിയാക്കി. കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, പൊതുഗതാഗത സ്റ്റേഷനുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭിന്നശേഷിക്കാർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള ദുബായിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
വീൽചെയർ ഉപയോഗിക്കുന്നവർക്കായി പ്രത്യേക റാംപുകൾ, കാഴ്ചപരിമിതിയുള്ളവർക്ക് ദിശയറിയാൻ സഹായിക്കുന്ന ‘ടാക്റ്റൈൽ’ തറകൾ, ബ്രെയിലി ലിപിയിലുള്ള ബോർഡുകൾ, കേൾവി സഹായികൾ എന്നിവ പുതിയ പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു. കൂടാതെ, സെന്ററുകളിലെ വാതിലുകൾ ഓട്ടോമാറ്റിക് ആക്കുകയും ടോയ്ലറ്റുകൾ ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പാകത്തിൽ നവീകരിക്കുകയും ചെയ്തിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്ന ക്യൂ മാനേജ്മെന്റ് സംവിധാനം ഇവരുടെ ഉയരത്തിന് അനുസൃതമായി പുനർരൂപകൽപ്പന ചെയ്തു. ഇവർക്ക് മുൻഗണന നൽകുന്നതിനായി പ്രത്യേക സർവീസ് കൗണ്ടറുകളും സ്മാർട്ട് സേവനങ്ങളും ആർടിഎ സജ്ജമാക്കിയിട്ടുണ്ട്.
ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനായി റാഷിദ് സെന്റർ, ദുബായ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ആർടിഎ ചർച്ചാ സെഷനുകളും സംഘടിപ്പിച്ചു. വിദ്യാർത്ഥികളും മാതാപിതാക്കളും വിവിധ ഏജൻസികളും പങ്കെടുത്ത ഈ സെഷനുകൾ വഴി ഭിന്നശേഷിക്കാർക്ക് ആർടിഎ നൽകുന്ന സേവനങ്ങളെക്കുറിച്ച് അവബോധം നൽകാനും സാധിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് തങ്ങളുടെ സേവന നയങ്ങളിൽ വലിയ മുൻഗണനയാണ് നൽകുന്നതെന്ന് ആർടിഎ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സിഇഒ അബ്ദുള്ള യൂസഫ് അൽ അലി പറഞ്ഞു.