ദുബായ്: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് റെഡ് സിഗ്നൽ മറികടന്ന് അമിതവേഗതയിൽ വാഹനമോടിച്ച ഡ്രൈവർക്കെതിരെ ദുബായ് പോലീസ് നടപടി സ്വീകരിച്ചു. അമിതവേഗതയ്ക്ക് പുറമെ, പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിന്റെ മുൻവശത്തെ നമ്പർ പ്ലേറ്റ് ഡ്രൈവർ ബോധപൂർവ്വം നീക്കം ചെയ്തതായും അധികൃതർ കണ്ടെത്തി. നമ്പർ പ്ലേറ്റ് ഇല്ലാതെ കാർ റോഡിലൂടെ ചീറിപ്പായുന്ന ദൃശ്യങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടിട്ടുണ്ട്. താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി യുഎഇയിൽ ട്രാഫിക് നിയമങ്ങൾ അതീവ കർശനമാണ്.
ദുബായിൽ അമിതവേഗതയ്ക്ക് 2,000 ദിർഹം വരെ പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കാം.ദുബായ്, അബുദാബി എന്നിവിടങ്ങളിൽ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്ക് 50,000 ദിർഹം വരെയാണ് പിഴ.റാസൽ ഖൈമയിൽ ഇത്തരം നിയമലംഘനങ്ങൾക്ക് 20,000 ദിർഹം വരെ പിഴയും മൂന്ന് മാസത്തേക്ക് വാഹനം പിടിച്ചെടുക്കലും നേരിടേണ്ടി വരും. നിശ്ചിത സമയത്തിനുള്ളിൽ പിഴ അടച്ച് വാഹനം തിരിച്ചെടുത്തില്ലെങ്കിൽ അവ ലേലം ചെയ്യും.
റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിനുമായാണ് ഇത്തരം കർശനമായ നിയമങ്ങൾ രാജ്യം നടപ്പിലാക്കുന്നത്.