ദുബൈ : ദുബായിലെ വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. ജൂൺ ഒന്നു മുതൽ പാർക്കിങ്, ടോൾ സേവനങ്ങൾക്ക് 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) ചുമത്താൻ പാർക്കിനും സാലിക്കും തീരുമാനിച്ചു. യുഎഇ നികുതി നിയമങ്ങൾക്കും സർക്കാർ നിർദ്ദേശങ്ങൾക്കും വിധേയമായാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
പൊതുനിരത്തുകളിലെയും അല്ലാതെയുമുള്ള പാർക്കിങ്ങുകൾ, സീസണൽ പാർക്കിങ് കാർഡുകൾ, പെർമിറ്റുകൾ, റിസർവേഷൻ സേവനങ്ങൾ എന്നിവയുൾപ്പെടെ തങ്ങളുടെ എല്ലാ സേവനങ്ങൾക്കും 5 ശതമാനം വാറ്റ് ബാധകമായിരിക്കുമെന്ന് പാർക്കിൻ കമ്പനി വ്യക്തമാക്കി. ഇതോടൊപ്പം തന്നെ ദുബായിലെ റോഡ് ടോൾ ഗേറ്റുകളായ സാലിക്കും ടോൾ നിരക്കുകളിലും സാലക് ടാഗ് ആക്ടിവേഷൻ ചാർജുകളിലും ജൂൺ 1 മുതൽ വാറ്റ് ഈടാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന നികുതി തുക യുഎഇ ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്നും അധികൃതർ അറിയിച്ചു.