ദുബായ് : ബലിപെരുന്നാൾ ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ വൻ ഒരുക്കങ്ങളുമായി ദുബായ്. പെരുന്നാൾ അവധിദിനങ്ങളിൽ കുടുംബങ്ങൾക്കായി മാത്രമായി പ്രത്യേക ബീച്ചുകളും പൊതു പാർക്കുകളിൽ സൗജന്യ ഐസ്ക്രീം വിതരണവും നഗരത്തിലുടനീളം വിവിധ കലാപരിപാടികളും അധികൃതർ പ്രഖ്യാപിച്ചു. സ്വദേശികൾക്കും വിദേശി സഞ്ചാരികൾക്കും ഒരുപോലെ ആനന്ദകരമായ അന്തരീക്ഷമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജുമൈറ 1, ജുമൈറ 2, ജുമൈറ 3, സുഖീം 1, സുഖീം 2, ഖോർ അൽ മംസാർ ബീച്ചുകൾ എന്നിവയും ഇവയോടൊപ്പമുള്ള നൈറ്റ് ബീച്ചുകളും പെരുന്നാൾ ദിനങ്ങളിൽ കുടുംബങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. പകൽ സമയങ്ങളിലെ വിശ്രമത്തിനും വൈകുന്നേരങ്ങളിലെ സജീവമായ ആഘോഷങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ വാട്ടർഫ്രണ്ട് സോണുകൾ ഒരുക്കിയിരിക്കുന്നത്.