ദുബായ് : താമസക്കാർക്കും സന്ദർശകർക്കും വേനൽക്കാലത്ത് ദുബായിലെ മികച്ച വിനോദ-ആകർഷണ കേന്ദ്രങ്ങൾ പരിചയപ്പെടുത്തുന്നതിനായുള്ള ‘#DubaiDestinations’ ക്യാമ്പയിന്റെ ആറാം സീസണിന് തുടക്കമായി. ദുബായ് മീഡിയ ഓഫീസിന്റെ ക്രിയേറ്റീവ് വിഭാഗമായ ബ്രാൻഡ് ദുബായ്, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസവുമായി (DET) സഹകരിച്ചാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജൂലൈ 7 മുതൽ ഓഗസ്റ്റ് 31 വരെയാണ് ക്യാമ്പയിൻ നീണ്ടുനിൽക്കുക.
ദുബായ് ഇക്കണോമിക് അജണ്ട (D33) ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ദുബായിയെ വർഷം മുഴുവൻ സന്ദർശിക്കാൻ അനുയോജ്യമായ ഒരു ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തിക്കാട്ടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വേനൽക്കാലത്ത് നഗരത്തിലുടനീളമുള്ള പ്രമുഖ ഇൻഡോർ വിനോദ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, വാട്ടർ പാർക്കുകൾ, ബീച്ചുകൾ എന്നിവടങ്ങളിൽ വൻ ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും ക്യാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് ലഭിക്കും. ഇതിന് പുറമെ നിലവിൽ നഗരത്തിൽ പുരോഗമിക്കുന്ന ‘ദുബായ് സമ്മർ സർപ്രൈസസ്’ (DSS 2026) ഉത്സവങ്ങളുമായി ചേർത്താണ് റീട്ടെയിൽ ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. യുഎഇയിലെയും അന്താരാഷ്ട്ര തലത്തിലെയും പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉള്ളടക്ക നിർമ്മാതാക്കളും (Content Creators) ഇൻസ്റ്റാഗ്രാം, ടിക്ടോക് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി ദുബായിലെ വേനൽക്കാല അനുഭവങ്ങളുടെ ചെറു വീഡിയോകളും ഡിജിറ്റൽ ഗൈഡുകളും ഈ ക്യാമ്പയിന്റെ ഭാഗമായി പങ്കുവെക്കും. 2021-ലാണ് ദുബായ് ഡെസ്റ്റിനേഷൻസ് ക്യാമ്പയിൻ ആദ്യമായി ആരംഭിച്ചത്.