ഷാർജ : ഷാർജ പോലീസിന്റെ അത്യാധുനിക മയക്കുമരുന്ന് വിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങളും അത്യാധുനിക എൻഫോഴ്സ്മെന്റ് സംവിധാനങ്ങളും ദേശീയ മയക്കുമരുന്ന് വിരുദ്ധ ഏജൻസി ചെയർമാൻ ഷെയ്ഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ നേരിട്ടെത്തി വിലയിരുത്തി. ഷാർജ പോലീസ് ജനറൽ കമാൻഡ് സന്ദർശിച്ച അദ്ദേഹത്തെ ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുള്ള മുബാറക് ബിൻ ആമിറും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
മയക്കുമരുന്ന് കേസുകൾ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി ഷാർജ പോലീസ് ഉപയോഗിക്കുന്ന സ്മാർട്ട് ഡിജിറ്റൽ സാങ്കേതികവിദ്യകളുടെയും സുരക്ഷാ ട്രാക്കിംഗ് സംവിധാനങ്ങളുടെയും പ്രത്യേക എക്സിബിഷൻ അദ്ദേഹം സന്ദർശിച്ചു. തുടർന്ന് പോലീസിന്റെ ഓപ്പറേഷൻസ് സെന്ററിലെത്തിയ അദ്ദേഹത്തിന്, കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഡാറ്റ വിശകലനം ചെയ്യുന്നതിനും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസിനെ സഹായിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യകളെക്കുറിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി. മയക്കുമരുന്ന് മാഫിയകൾക്കെതിരെ ഷാർജ പോലീസ് നടത്തിയ വലിയ ഓപ്പറേഷനുകളെക്കുറിച്ചും ലഹരിക്ക് എതിരെ സമൂഹത്തെ ബോധവത്കരിക്കാൻ നടത്തുന്ന കാമ്പെയ്നുകളെക്കുറിച്ചുമുള്ള പ്രസന്റേഷനും യോഗത്തിൽ അവതരിപ്പിച്ചു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഷാർജ പോലീസിന്റെ ഇത്തരം പ്രൊഫഷണൽ നീക്കങ്ങളെ ഷെയ്ഖ് സായിദ് ബിൻ ഹമദ് അഭിനന്ദിച്ചു.