ഷാർജ : ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗം പൂർണ്ണമായി നിയന്ത്രിക്കുന്നതിനുള്ള 2026-ലെ പുതിയ നിയമത്തിന് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ (SCC) അംഗീകാരം നൽകി. പതിനൊന്നാമത് നിയമനിർമാണ സഭയുടെ മൂന്നാം സാധാരണ ടേമിലെ പതിനാറാമത് സമ്മേളനത്തിലാണ് ചില ഭേദഗതികളോടെ ഈ നിയമത്തിന് കൗൺസിൽ അനുമതി നൽകിയത്. ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ ആസ്ഥാനത്ത് നടന്ന യോഗത്തിന് ചെയർപേഴ്സൺ ഹലീമ ഹുമൈദ് അൽ ഒവൈസ് അധ്യക്ഷത വഹിച്ചു. ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി, സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ഷെയ്ഖ് സുൽത്താൻ ബിൻ അബ്ദുള്ള അൽ താനി, ലീഗൽ ഡിപ്പാർട്ട്മെന്റ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
എല്ലാത്തരം ആവശ്യങ്ങൾക്കും ഉപയോഗങ്ങൾക്കുമായി പറത്തുന്ന വിവിധയിനം ഡ്രോണുകളെ പുതിയ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഇസാം ബിൻ സഖർ അൽ ഖാസിമി വ്യക്തമാക്കി. ഷാർജയുടെ സമഗ്ര വികസനത്തിന് ഈ നിയമനിർമാണം ഏറെ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിവേഗം വളരുന്ന ഡ്രോൺ മേഖലയ്ക്ക് കൃത്യമായ നിയന്ത്രണം വേണമെന്നും, സാങ്കേതികവിദ്യയുടെ ഗുണങ്ങൾക്കൊപ്പം വിമാന സർവീസുകളുടെ സുരക്ഷയും വ്യോമയാന നിയമങ്ങളും ഉറപ്പാക്കാൻ ഈ നിയമം സഹായിക്കുമെന്നും കൗൺസിൽ അംഗങ്ങൾ ചർച്ചയിൽ അഭിപ്രായപ്പെട്ടു.
നിയമത്തിലെ വിവിധ വകുപ്പുകളെക്കുറിച്ച് കൗൺസിൽ അംഗങ്ങൾ ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ പ്രതിനിധികൾ വിശദീകരണം നൽകി. ഡ്രോണുകളുടെ രജിസ്ട്രേഷൻ, അവയുടെ ഉപയോഗമനുസരിച്ചുള്ള തരംതിരിക്കൽ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെല്ലാം യോഗത്തിൽ ചർച്ചയായി. ഡ്രോണുകൾ പറത്താൻ അനുവദിച്ചിട്ടുള്ള പ്രത്യേക മേഖലകൾ, ഉയര പരിധി, ഹെലിപാഡ് ഉപയോഗം, കൂടാതെ ഡ്രോൺ ഉപയോഗിക്കുന്നവർ പാലിക്കേണ്ട നിയമപരമായ ഉത്തരവാദിത്തങ്ങൾ എന്നിവയും പുതിയ നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.