ദുബായ് : ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഡിജിറ്റൽ രംഗത്ത് കൂടുതൽ കരുത്ത് പകരുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനുമായി ‘ലോക്കൽ സൂഖ്’ (Local Souq) എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ദുബായിൽ പ്രവർത്തനമാരംഭിച്ചു. പ്രവാസികൾക്കും സന്ദർശകർക്കും തങ്ങളുടെ തൊട്ടടുത്തുള്ള റെസ്റ്റോറന്റുകൾ, കഫേകൾ, ബ്യൂട്ടി സലൂണുകൾ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയ്ൽ സ്റ്റോറുകൾ, ഹെൽത്ത് കെയർ സെന്ററുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനിലൂടെ എളുപ്പത്തിൽ കണ്ടെത്താൻ ഇതിലൂടെ സാധിക്കും.
ഉപഭോക്താക്കൾക്കായി പ്രത്യേക ലോയൽറ്റി റിവാർഡ്സ് പ്രോഗ്രാമും (Loyalty Rewards Program) ഈ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പങ്കാളികളായ സ്ഥാപനങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന പോയിന്റുകൾ പിന്നീട് ഷോപ്പിംഗ് വൗച്ചറുകളായി മാറ്റിയെടുക്കാം. ദുബായിൽ തുടക്കം കുറിച്ച ലോക്കൽ സൂഖ് വൈകാതെ തന്നെ മറ്റ് എമിറേറ്റുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് കോ-ഫൗണ്ടറും ജനറൽ മാനേജരുമായ അബ്ദുൾ നാസിർ വ്യക്തമാക്കി. യുഎഇയുടെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്കും പ്രാദേശിക സംരംഭകത്വത്തിനും വലിയ പിന്തുണ നൽകുന്നതാണ് ഈ പുതിയ സ്മാർട്ട് ആപ്പ്.