ദുബായ് : ക്ഷയരോഗ (Tuberculosis) പ്രതിരോധത്തിനായി ഉപയോഗിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള ബിസിജി (BCG) വാക്സിൻ, ടൈപ്പ്-1 പ്രമേഹ ബാധിതരിൽ ഇൻസുലിൻ ഉപയോഗം കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ ക്ലിനിക്കൽ ട്രയൽ റിപ്പോർട്ട്. അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ യോഗത്തിൽ മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോ. ഡെനീസ് ഫോസ്റ്റ്മാൻ ആണ് ഈ കണ്ടെത്തൽ അവതരിപ്പിച്ചത്.
ടൈപ്പ്-1 പ്രമേഹമുള്ളവരിൽ രോഗപ്രതിരോധ സംവിധാനം സ്വന്തം ശരീരത്തിലെ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാറുണ്ട്. അഞ്ച് വർഷത്തിനിടെ ആറ് ഡോസ് ബിസിജി വാക്സിൻ നൽകിയുള്ള പരീക്ഷണത്തിൽ, രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കാനും ഇൻസുലിൻ ഉപയോഗം ഗണ്യമായി കുറയ്ക്കാനും സാധിച്ചതായി കണ്ടെത്തി. വാക്സിൻ സ്വീകരിച്ചവർ മുൻപത്തേക്കാൾ 184 ശതമാനം കൂടുതൽ സമയം സുരക്ഷിതമായ ബ്ലഡ് ഷുഗർ പരിധിയിൽ ചെലവഴിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മുതിർന്നവരിൽ കാണപ്പെടുന്ന ‘ടൈപ്പ് 1.5’ (LADA) പ്രമേഹ ബാധിതരിലും ഈ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ സ്വീകരിച്ചവരിൽ ഇൻസുലിൻ ഉത്പാദനം നിലനിർത്താനും രോഗത്തിന്റെ തീവ്രത കുറയ്ക്കാനും ഇത് സഹായിച്ചു. എന്നാൽ, പേറ്റന്റ് കാലാവധി കഴിഞ്ഞതിനാൽ വിലകുറഞ്ഞ ഈ വാക്സിൻ കൂടുതൽ പരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ വൻകിട ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മുന്നോട്ട് വരാത്തത് വലിയൊരു വെല്ലുവിളിയാണ്. ഈ വാക്സിൻ പ്രമേഹം പൂർണ്ണമായി ഭേദമാക്കില്ലെങ്കിലും രോഗികളുടെ ജീവിതം കൂടുതൽ എളുപ്പമാക്കാൻ സഹായിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.