ദുബായ് : യുഎഇയിൽ വേനൽക്കാല താപനില ഉയരുന്ന സാഹചര്യത്തിൽ ബൈക്ക് ഡെലിവറി ജീവനക്കാർക്കായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) നഗരത്തിലുടനീളം 40 എയർകണ്ടീഷൻഡ് വിശ്രമകേന്ദ്രങ്ങൾ സജ്ജമാക്കി. ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, ഊദ് മേത്ത, അൽ കറാമ, അർജാൻ എന്നീ പ്രധാന മേഖലകളിലാണ് ഈ അത്യാധുനിക എസി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുള്ളത്.
ഡെലിവറി റൈഡർമാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തൊഴിലന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ ഈ പദ്ധതി വ്യാപിപ്പിച്ചത്. തണുത്ത കുടിവെള്ളത്തിനായുള്ള വാട്ടർ ഡിസ്പെൻസറുകൾ, മൊബൈൽ ഫോൺ ചാർജിംഗ് സ്റ്റേഷനുകൾ, ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക് മാത്രമായുള്ള പ്രത്യേക പാർക്കിംഗ് സൗകര്യം എന്നിവ ഈ വിശ്രമകേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ഓരോ കേന്ദ്രത്തിലും ഒരേസമയം പത്തോളം റൈഡർമാർക്ക് വിശ്രമിക്കാനാകും. കടുത്ത സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് അടിക്കാത്ത രീതിയിലും ചൂട് പ്രതിരോധിക്കുന്ന (Thermal insulation) തരത്തിലുമാണ് ഇതിന്റെ കെട്ടിട നിർമ്മാണം.
റോഡ് സുരക്ഷയ്ക്കാണ് അതോറിറ്റി എപ്പോഴും മുൻഗണന നൽകുന്നതെന്ന് ആർടിഎ ലൈസൻസിംഗ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. 2023 നവംബറിൽ വെറും മൂന്ന് സ്റ്റേഷനുകളുമായി പ്രഖ്യാപിച്ച ഈ പദ്ധതിയാണ് ഇപ്പോൾ 40 കേന്ദ്രങ്ങളിലേക്ക് വിജയകരമായി എത്തിച്ചിരിക്കുന്നത്. ഇതിന് പുറമെ കഴിഞ്ഞ വർഷം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), തലബാത്, ഡെലിവറൂ, നൂൺ, കരീം തുടങ്ങിയ മുൻനിര ഡെലിവറി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് രാജ്യത്തുടനീളം 10,000-ത്തിലധികം വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. വേനൽക്കാലത്ത് 45 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് ഉയരുന്ന യുഎഇയിൽ, മണിക്കൂറുകളോളം റോഡിൽ ചെലവഴിക്കുന്ന ഡെലിവറി ജീവനക്കാർക്ക് വലിയൊരു ആശ്വാസമാവുകയാണ് ദുബായ് ആർടിഎയുടെ ഈ തണൽക്കൂടുകൾ.