ഷാർജ : വേനൽക്കാലത്തിന്റെ വരവറിയിച്ച് ശാർജ അൽ ഹംരിയയിലെ ഈന്തപ്പനത്തോട്ടങ്ങളിൽ ഈ സീനിലെ ആദ്യ ഈന്തപ്പഴങ്ങൾ (റുതബ്) വിളവെടുത്തു. അൽ ഹംരിയ മുനിസിപ്പാലിറ്റി തുടർച്ചയായ നാലാം വർഷവും സംഘടിപ്പിക്കുന്ന “തബാഷിർ അൽ റുതബ്” (Tabashir Al Rutab) പദ്ധതിയിലൂടെ ഈ ആദ്യ വിളവെടുപ്പ് പഴങ്ങൾ സ്വദേശി കുടുംബങ്ങൾക്കും മുതിർന്ന പൗരന്മാർക്കും സർക്കാർ സ്ഥാപനങ്ങൾക്കുമായി വിതരണം ചെയ്തു. എമിറാത്തി സംസ്കാരത്തിന്റെയും ഔദാര്യത്തിന്റെയും പ്രതീകമായ ഈന്തപ്പനകളെയും ഈന്തപ്പഴ വിളവെടുപ്പ് കാലത്തെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും സാമൂഹിക ബന്ധങ്ങൾ ദൃഢമാക്കാനും ഈ പൈതൃക ഉദ്യമം സഹായിക്കുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. മുൻ തലമുറയുടെ ഓർമ്മകളെ പുതുക്കുന്ന ഈ പദ്ധതി വരും വർഷങ്ങളിൽ കുട്ടികൾക്കായുള്ള വർക്ക്ഷോപ്പുകളോടെ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നതായി അൽ ഹംരിയ മുനിസിപ്പാലിറ്റി ഡയറക്ടർ മുബാറക് റാഷിദ് അൽ ഷംസി വ്യക്തമാക്കി.
Tag: