അബുദാബി : അബുദാബിയിലെ മൾട്ടി-സ്റ്റോറി (ബഹുനില) പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ ഇനി മുതൽ ടിക്കറ്റുകളോ പേയ്മെന്റ് മെഷീനുകളോ ഇല്ലാതെ വാഹനം പാർക്ക് ചെയ്യാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് റെക്കഗ്നിഷൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പുതിയ ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിംഗ്’ (Free Flow Paid Parking) സംവിധാനം രാജ്യത്ത് നിലവിൽ വന്നു. ഇതിലൂടെ ഉപഭോക്താക്കളുടെ ‘ദർബ്’ (Darb) വാലറ്റിൽ നിന്ന് പാർക്കിംഗ് ഫീസ് യാന്ത്രികമായി ഈടാക്കും.
ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററിന്റെ (ITC) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്യു മൊബിലിറ്റിയാണ് (Q Mobility) പുതിയ പേയ്മെന്റ് സംവിധാനം ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചത്. ഈ സേവനം തടസ്സമില്ലാതെ ഉപയോഗിക്കുന്നതിനും പിഴകൾ ഒഴിവാക്കുന്നതിനും വാഹന ഉടമകൾ തങ്ങളുടെ ദർബ് വാലറ്റിൽ ആവശ്യത്തിന് ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. മണിക്കൂറിന് 2 ദിർഹമാണ് പാർക്കിംഗ് ഫീസ്, 24 മണിക്കൂറിലേക്ക് പരമാവധി 15 ദിർഹം മാത്രമേ ഈടാക്കൂ. വർഷത്തിൽ എല്ലാ ദിവസവും 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും.
അബുദാബി ഐലൻഡിലെ പബ്ലിക് പാർക്കിംഗ് ബിൽഡിംഗ് നമ്പർ 1, പബ്ലിക് പാർക്കിംഗ് ബിൽഡിംഗ് നമ്പർ 5 എന്നിവയുൾപ്പെടെയുള്ള പ്രധാന പൊതു ബഹുനില പാർക്കിംഗ് കെട്ടിടങ്ങളിലും മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ (ME9, ME10, ME12) വാണിജ്യ മേഖലകളിലുമാണ് നിലവിൽ ഈ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യമുള്ളവർക്കായി (People of Determination) പ്രത്യേക പാർക്കിംഗ് സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു. വാഹനം പാർക്കിംഗിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സെഷൻ സ്വയം ആരംഭിക്കുകയും പുറത്തുപോകുമ്പോൾ എസ്എംഎസ് അയക്കുകയോ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യാതെ തന്നെ തുക വാലറ്റിൽ നിന്ന് കുറയ്ക്കുകയും ചെയ്യും. ഇത് തിരക്കേറിയ സമയങ്ങളിൽ പാർക്കിംഗ് എളുപ്പമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും സഹായിക്കും.
DarbWallet
പാർക്കിങ് ഫീസ് ഇനി ഓട്ടോമാറ്റിക്കായി കുറയും; അബുദാബിയിൽ ‘ഫ്രീ ഫ്ലോ’ സംവിധാനം
അബുദാബി : വാഹനയാത്രക്കാർക്ക് വലിയ ആശ്വാസമേകി പാർക്കിങ് ഫീസ് അടയ്ക്കാൻ പുതിയ സ്മാർട്ട് സംവിധാനം അവതരിപ്പിച്ച് അബുദാബി. ക്യു മൊബിലിറ്റി (Q Mobility) പുറത്തിറക്കിയ ഈ പുതിയ ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ് സിസ്റ്റം’ (Free Flow Paid Parking System) വഴി ഉപഭോക്താക്കളുടെ ‘ദർബ്’ (Darb) ആപ്പ് വാലറ്റിൽ നിന്ന് പാർക്കിങ് ഫീസ് തനിയെ ഈടാക്കും. കൃത്രിമബുദ്ധിയും (AI) ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്. വാഹനം പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാർക്കിങ് സെഷൻ സ്വയം ആരംഭിക്കുകയും, വാഹനം പുറത്തുപോകുമ്പോൾ സമയം കണക്കാക്കി കൃത്യമായ തുക ദർബ് വാലറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി കുറയ്ക്കുകയും ചെയ്യും. ഇതോടെ പാർക്കിങ് ഫീസിനായി എസ്എംഎസ് അയക്കുകയോ, പേയ്മെന്റ് മെഷീനുകൾ തിരയുകയോ, ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ വേണ്ടതില്ല.
പേപ്പർ ടിക്കറ്റുകളും പണമിടപാടുകളും പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ഡ്രൈവർമാരുടെ സമയലാഭത്തോടൊപ്പം പാർക്കിങ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. അബുദാബിയിലെ വിവിധ സെക്ടറുകളിലും തിരഞ്ഞെടുത്ത സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിലും ഈ സേവനം ഘട്ടഘട്ടമായി നടപ്പിലാക്കും. തടസ്സമില്ലാത്ത പണമിടപാടുകൾ ഉറപ്പാക്കാനും പിഴകൾ ഒഴിവാക്കാനുമായി വാഹന ഉടമകൾ തങ്ങളുടെ ദർബ് ഇ-വാലറ്റിൽ ആവശ്യത്തിന് ബാലൻസ് സൂക്ഷിക്കണമെന്ന് ക്യു മൊബിലിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു.