അബുദാബി : സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കാനും രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ട് യുഎഇ ‘എഐ സൈബർ ഫാക്ടറി’ സമാരംഭിച്ചു. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് ഹോൾഡിംഗും സംയുക്തമായാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി സൈബർ സുരക്ഷാ രംഗത്ത് ആഗോളതലത്തിൽ തന്നെ നേതൃസ്ഥാനം കൈവരിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
പ്രതിദിനം എട്ടു ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ യുഎഇ തീരുമാനിച്ചത്. വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള സങ്കീർണ്ണമായ ആക്രമണങ്ങളെ മുൻകൂട്ടി കണ്ടെത്താനും ഫലപ്രദമായി തടയാനും ഈ സൈബർ ഫാക്ടറി സഹായിക്കും. സൈബർ സുരക്ഷാ രംഗത്ത് സ്വന്തമായ സാങ്കേതികവിദ്യകളും പ്രോഗ്രാമുകളും വികസിപ്പിച്ചെടുക്കുന്നതിലൂടെ ഡിജിറ്റൽ മേഖലയിൽ പൂർണ്ണമായ സ്വയംപര്യാപ്തത നേടാൻ രാജ്യത്തിന് സാധിക്കും.
യുഎഇയിൽ തന്നെ വികസിപ്പിച്ചെടുക്കുന്ന നൂതന സുരക്ഷാ സംവിധാനങ്ങൾ വഴി സർക്കാർ സ്ഥാപനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും പൊതുജനങ്ങൾക്കും കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഒരുങ്ങും. സൈബർ ഭീഷണികളെ നേരിടുന്നതിൽ വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വന്തമായി ആഗോള നിലവാരത്തിലുള്ള സൈബർ സുരക്ഷാ സൊല്യൂഷനുകൾ നിർമ്മിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. പ്രാദേശിക പ്രതിഭകളെയും അത്യാധുനിക എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകളെയും ഇതിനായി പ്രയോജനപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.