അബുദാബി : രാജ്യാന്തര തലത്തിൽ മികച്ച ഗവേഷണ മികവ് പുലർത്തിയതിനെ തുടർന്ന് ആഗോള സർവ്വകലാശാലകളുടെ റാങ്കിങ്ങിൽ യുഎഇയിലെ നാല് പ്രമുഖ സർവ്വകലാശാലകൾക്ക് വൻ മുന്നേറ്റം. സെന്റർ ഫോർ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്സ് (CWUR) പുറത്തുവിട്ട 2026-ലെ ഗ്ലോബൽ 2000 പട്ടികയിലാണ് യുഎഇയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥാനം ഗണ്യമായി മെച്ചപ്പെടുത്തിയത്.
പുതിയ റാങ്കിങ് പ്രകാരം യുഎഇ സർവ്വകലാശാലകളിൽ ഖലീഫ യൂണിവേഴ്സിറ്റിയാണ് ഒന്നാമതെത്തിയത്. യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി (UAEU), യൂണിവേഴ്സിറ്റി ഓഫ് ഷാർജ, ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി (NYU Abu Dhabi) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് സ്ഥാപനങ്ങൾ. ഉന്നതവിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര ഗവേഷണങ്ങളിലും രാജ്യം നടത്തുന്ന ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപമാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെന്ന് സിഡബ്ല്യുആർ വിലയിരുത്തി. ലോകമെമ്പാടുമുള്ള 95 രാജ്യങ്ങളിലെ 21,291 സർവ്വകലാശാലകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കിയത്.
ഇതിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകിയ ഗവേഷണ മേഖലയിലെ മികച്ച പ്രകടനമാണ് യുഎഇയ്ക്ക് തുണയായത്. പുതിയ പട്ടികയിൽ ഖലീഫ യൂണിവേഴ്സിറ്റി 51 സ്ഥാനങ്ങൾ മുന്നേറി 795-ാം റാങ്ക് സ്വന്തമാക്കി ലോകത്തെ മികച്ച 3.8 ശതമാനം സ്ഥാപനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. യുഎഇ യൂണിവേഴ്സിറ്റി 64 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 958-ാം റാങ്കിലും, ഷാർജ യൂണിവേഴ്സിറ്റി 98 സ്ഥാനങ്ങൾ കുതിച്ചുയർന്ന് 994-ാം റാങ്കിലുമെത്തി. ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി 1063-ാം സ്ഥാനത്താണ്. ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളെ മികച്ച പൊതുമുതലായി കണ്ട് യുഎഇ നൽകുന്ന സാമ്പത്തിക പിന്തുണയുടെ ഫലമാണ് ഈ വിജയമെന്ന് സിഡബ്ല്യുആർ പ്രസിഡന്റ് ഡോ. നദീം മഹാസെൻ വ്യക്തമാക്കി.