ദുബായ് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി വിപണിയിലെത്തിച്ച മുന്നൂറോളം പാചകവാതക സിലിണ്ടറുകൾ ദുബായ് പോലീസ് പിടിച്ചെടുത്തു. ലൈസൻസില്ലാത്ത വിതരണക്കാരിൽ നിന്നും അനധികൃത വിൽപ്പനക്കാരിൽ നിന്നും പാചകവാതക സിലിണ്ടറുകൾ വാങ്ങരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. ദുബായ് പോലീസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന് കീഴിലുള്ള ആന്റി എക്കണോമിക് ക്രൈംസ് ഡിപ്പാർട്ട്മെന്റാണ് ‘നിങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന’ എന്ന ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വളരെ അപകടകരവും പ്രാഥമികവുമായ രീതികളിലാണ് ഇത്തരം അനധികൃത സംഘങ്ങൾ സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്നത്. ഇത് പ്രത്യേകിച്ച് ഉയർന്ന താപനിലയുള്ള വേനൽക്കാലത്ത് വീടുകൾക്കുള്ളിൽ വലിയ രീതിയിലുള്ള തീപിടുത്തങ്ങൾക്കും സ്ഫോടനങ്ങൾക്കും കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ദുബായ് സുപ്രീം കൗൺസിൽ ഓഫ് എനർജിയുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഈ വർഷം ഇതുവരെ 300 സിലിണ്ടറുകൾ പിടിച്ചെടുത്തത്. കഴിഞ്ഞ വർഷം 575 സിലിണ്ടറുകളും 2024-ൽ 1,361 സിലിണ്ടറുകളും അധികൃതർ പിടിച്ചെടുത്തിരുന്നു. യുഎഇയിൽ അംഗീകാരമുള്ള ലൈസൻസുള്ള കമ്പനികളിൽ നിന്ന് മാത്രമേ പാചകവാതകം വാങ്ങാവൂ എന്നും നിയമലംഘകർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിന് മുൻപ് അവയിൽ കേടുപാടുകളോ ചോർച്ചയോ ഇല്ലെന്ന് ഉറപ്പുവരുത്തണം. താമസസ്ഥലങ്ങളിൽ ഇത്തരം നിയമവിരുദ്ധമായ ഗ്യാസ് വിതരണമോ റീഫില്ലിംഗോ ശ്രദ്ധയിൽ പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ (Police Eye) വഴിയോ 901 എന്ന നമ്പറിലോ വിളിച്ച് വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.