ദുബായ് : ഇൻസ്റ്റാഗ്രാമിൽ ഡിജിറ്റൽ സുരക്ഷയും കുടുംബങ്ങളുടെ സംരക്ഷണവും വർദ്ധിപ്പിക്കുന്നതിനായി യുഎഇയിലെയും മിഡിൽ ഈസ്റ്റിലെയും ആദ്യത്തെ സമർപ്പിത ക്രിയേറ്റർ ഹബ്ബായ ക്രിയേറ്റേഴ്സ് എച്ച്ക്യു (Creators HQ), ആഗോള സാങ്കേതികവിദ്യ ഭീമന്മാരായ മെറ്റയുമായി (Meta) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. യുഎഇയിലെ ഏറ്റവും വലിയ ഉള്ളടക്ക മാനേജ്മെന്റ് ആൻഡ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ വിഷനീേഴ്സിന് (Visioneers) കീഴിലാണ് ക്രിയേറ്റേഴ്സ് എച്ച്ക്യു പ്രവർത്തിക്കുന്നത്. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. കുട്ടികളെയും കൗമാരക്കാരെയും ഡിജിറ്റൽ അപകടങ്ങളിൽ നിന്നും ഇൻസ്റ്റാഗ്രാമിലെ ദോഷകരമായ ഉള്ളടക്കങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനൊപ്പം രക്ഷിതാക്കൾക്കിടയിൽ ഡിജിറ്റൽ അവബോധം വളർത്തുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
കുടുംബബന്ധങ്ങൾ ശക്തമാക്കാനും കുടുംബങ്ങളുടെ സുസ്ഥിരതയും അഭിവൃദ്ധിയും പിന്തുണയ്ക്കാനും യഥാർത്ഥ സാമൂഹിക മൂല്യങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ട് യുഎഇ പ്രഖ്യാപിച്ച “ഇയർ ഓഫ് ദി ഫാമിലി 2026” (Year of the Family 2026) നോട് അനുബന്ധിച്ചാണ് ഈ പങ്കാളിത്തം രൂപീകരിച്ചിരിക്കുന്നത്.
കുട്ടികൾക്കും കൗമാരക്കാർക്കും കൂടുതൽ സുരക്ഷിതമായ ഡിജിറ്റൽ അനുഭവങ്ങൾ നിർമ്മിക്കുന്നതിനും, ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും, യുവ ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും അറിവും കുടുംബങ്ങൾ, ഉള്ളടക്ക നിർമ്മാതാക്കൾ (content creators), സ്കൂളുകൾ, കമ്മ്യൂണിറ്റികൾ എന്നിവർക്ക് ലഭ്യമാക്കാൻ ഈ തന്ത്രപരമായ പങ്കാളിത്തം ശ്രമിക്കുന്നു. കൂടാതെ സാങ്കേതികവിദ്യയുടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഉത്തരവാദിത്തമുള്ളതും സുരക്ഷിതവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു.