ഷാർജ : കൺസ്യൂമർ പ്രൊട്ടക്ഷൻ (ഉപഭോക്തൃ സംരക്ഷണം) പോർട്ടലുകളുടെ പേരിൽ വ്യാജ വെബ്സൈറ്റുകളും ലിങ്കുകളും നിർമ്മിച്ച് ബാങ്ക് അക്കൗണ്ടുകൾ ചോർത്തുന്ന വൻ സൈബർ തട്ടിപ്പ് സംഘങ്ങൾക്കെതിരെ യുഎഇ നിവാസികൾക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം നൽകി ഷാർജ പോലീസ്. അടുത്തിടെയായി നിരവധി പേർക്ക് ഈ കെണിയിലൂടെ വൻ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരു വ്യക്തിക്ക് മാത്രം ഒറ്റക്കേസിൽ 10 ലക്ഷം ദിർഹം (ഏകദേശം 2.2 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടമായതായും പോലീസ് വെളിപ്പെടുത്തി. മറ്റൊരു കേസിൽ 5 ലക്ഷം ദിർഹവും നഷ്ടപ്പെട്ടിട്ടുണ്ട്.
പരാതികൾ നൽകാനായി ആളുകൾ ഗൂഗിളിൽ ‘consumer protection’ എന്ന് തിരയുമ്പോൾ ആദ്യം ദൃശ്യമാകുന്ന ലിങ്കുകളിൽ ഭൂരിഭാഗവും ഔദ്യോഗിക ലോഗോകൾ ദുരുപയോഗം ചെയ്തുള്ള വ്യാജ സൈറ്റുകളുടേതാണ്. ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകുന്നതോടെ ഉപഭോക്താക്കളെ ഫോണിൽ വിളിച്ച് പരാതി പരിഹരിക്കാനെന്ന വ്യാജേന ‘AnyDesk’ പോലുള്ള റിമോട്ട് ആക്സസ് ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കും. ഇതുവഴി ഫോൺ സ്ക്രീൻ പൂർണ്ണമായി നിയന്ത്രിക്കുന്ന തട്ടിപ്പുകാർ ബാങ്ക് വിവരങ്ങളും ഒടിപിയും ചോർത്തി തത്സമയം പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. യുഎഇയിൽ ഇത്തരം തട്ടിപ്പുകൾ നടത്തുന്ന പ്രാദേശിക, അന്തർദേശീയ സംഘങ്ങളിലെ ചിലരെ അറസ്റ്റ് ചെയ്തതായും വിദേശത്തുള്ള പ്രതികൾക്കായി ഇന്റർപോളിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയതായും ഡിജിറ്റൽ എവിഡൻസ് വിഭാഗം മേധാവി ലഫ്റ്റനന്റ് നൗഫ് അബ്ദുൽറഹീം അൽ ഹർമൂദിയും ക്രിമിനൽ സെക്യൂരിറ്റി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഒമർ അഹമ്മദ് ബുഅൽസൂദും വ്യക്തമാക്കി.
ഔദ്യോഗിക യുഎഇ സർക്കാർ വെബ്സൈറ്റുകൾക്ക് എപ്പോഴും ‘.gov.ae’ എന്ന ഡൊമെയ്ൻ ഉണ്ടായിരിക്കുമെന്നും അത്തരം ലിങ്കുകൾ മാത്രം ഉപയോഗിക്കണമെന്നും പോലീസ് ഓർമ്മിപ്പിച്ചു. യാതൊരു കാരണവശാലും ബാങ്ക് വിവരങ്ങളോ ഒടിപിയോ ആരുമായും പങ്കുവെക്കരുത്. എന്തെങ്കിലും സംശയകരമായ സാഹചര്യമുണ്ടായാൽ ഉടൻ തന്നെ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും ഷാർജ പോലീസ് അറിയിച്ചു.