അബുദാബി : പ്രതിശീർഷ ഹരിത ഊർജ്ജ (Clean Energy) ഉത്പാദനത്തിൽ തുടർച്ചയായി ആറാം വർഷവും ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ സ്ഥിതി ചെയ്യുന്ന ബറക ആണവോർജ്ജ നിലയമാണ് (Barakah Nuclear Energy Plant) ഈ ചരിത്ര നേട്ടത്തിന് പിന്നിലെ പ്രധാന കരുത്ത്. രാജ്യത്തെ ആകെ ഹരിത ഊർജ്ജ ഉത്പാദനത്തിന്റെ 75 ശതമാനവും ബറകയിൽ നിന്നാണ് ലഭിക്കുന്നത്.
പ്രതിവർഷം 40 ടെറാവാട്ട് ഹവർ (40 TWh) ഹരിത വൈദ്യുതിയാണ് ഈ പ്ലാന്റ് നിലവിൽ ഉത്പാദിപ്പിക്കുന്നത്.
ഇത് യുഎഇയുടെ ആകെ വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനത്തോളം വരും. 2024 സെപ്റ്റംബറോടെ പ്ലാന്റിലെ നാല് റിയാക്ടറുകളും പൂർണ്ണതോതിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും മികച്ച ഹരിത ഊർജ്ജ പദ്ധതികളിലൊന്നായി ബറക മാറി. സുരക്ഷ, സുതാര്യത, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്ക് മുൻഗണന നൽകി 2008-ൽ രൂപീകരിച്ച ദേശീയ നയത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇയുടെ ആണവോർജ്ജ പദ്ധതികൾ മുന്നോട്ട് പോകുന്നത്. 2050-ഓടെ കാർബൺ വികിരണം പൂജ്യമാക്കുക (Net-Zero Emissions) എന്ന യുഎഇയുടെ ലക്ഷ്യത്തിലേക്ക് ആവശ്യമായ കാർബൺ കുറയ്ക്കൽ ലക്ഷ്യങ്ങളുടെ 24 ശതമാനവും ബറകയിലൂടെയാണ് രാജ്യം കൈവരിക്കുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അതീവ സുരക്ഷിതമായാണ് നിലയത്തിന്റെ പ്രവർത്തനമെന്ന് അധികൃതർ വ്യക്തമാക്കി.