അബുദാബി : യുഎഇയിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളുടെ 80 ശതമാനവും 2031-ഓടെ ലാൻഡ്ഫില്ലുകളിൽ (മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ) നിന്ന് മാറ്റി മറ്റ് ആവശ്യങ്ങൾക്കായി പുനരുപയോഗിക്കാൻ (Waste diversion) ലക്ഷ്യമിട്ട് യുഎഇ സർക്കാരിന്റെ പുതിയ പദ്ധതി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ 11 പ്രധാന ലാൻഡ്ഫില്ലുകൾ പൂർണ്ണമായി അടച്ചുപൂട്ടും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം ആരംഭിച്ച ഈ പദ്ധതിയിൽ വസ്ത്ര-തുണിത്തര മാലിന്യങ്ങൾ (Textile waste) പുനരുപയോഗിക്കുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നത്.
രാജ്യത്ത് പ്രതിവർഷം 2,20,000 ടൺ തുണിത്തര മാലിന്യങ്ങളാണ് ഉണ്ടാകുന്നത്. ഇതിൽ 88 ശതമാനവും നിലവിൽ ലാൻഡ്ഫില്ലുകളിലേക്കാണ് പോകുന്നത്. ഇതിന് പരിഹാരമായി ‘തദ്വീർ ഗ്രൂപ്പും’ സാമ്പത്തിക മന്ത്രാലയവും സംയുക്തമായി ‘നസീജ്’ (Naseej) എന്ന പേരിൽ പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള തുണിത്തരങ്ങൾ മറ്റ് മാലിന്യങ്ങളുമായി കലരാതെ പ്രത്യേകം ശേഖരിച്ച് പുനരുപയോഗിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി യാസ് മാളിൽ നടന്ന ചടങ്ങിൽ പൊതുജനങ്ങൾക്ക് പ്രത്യേക ‘നസീജ് കളക്ഷൻ ബാഗുകൾ’ വിതരണം ചെയ്തു. ഈ ബാഗുകളിൽ പഴയ വസ്ത്രങ്ങൾ നിറച്ച് ക്യുആർ കോഡ് സ്കാൻ ചെയ്താൽ അധികൃതർ വീട്ടിലെത്തി ഇവ ശേഖരിക്കും. വസ്ത്ര മാലിന്യങ്ങളെ കേവലം മാലിന്യമായി കാണാതെ നിർമ്മാണ മേഖലയ്ക്കും മറ്റ് വ്യവസായങ്ങൾക്കും ആവശ്യമായ പുതിയ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സാധിക്കുമെന്നും ഇത് രാജ്യത്ത് പുതിയ വ്യവസായ സാധ്യതകൾ തുറക്കുമെന്നും സാമ്പത്തിക കാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി വ്യക്തമാക്കി.