ദുബായ് : യുഎഇയിലെ വിവിധ എയർപോർട്ടുകൾ വഴിയുള്ള വിമാന നിരക്കുകൾ താരതമ്യം ചെയ്ത് ബുക്ക് ചെയ്താൽ വലിയ തുക ലാഭിക്കാമെന്ന് പുതിയ പഠനം. ഇന്ത്യയിലേക്കുള്ള ഭൂരിഭാഗം റൂട്ടുകളിലും അബുദാബിയിൽ നിന്നാണ് ഏറ്റവും കുറഞ്ഞ നിരക്കുകൾ ലഭ്യമാകുന്നത്. മുംബൈയിലേക്ക് അബുദാബിയിൽ നിന്ന് 1,206 ദിർഹമാകുമ്പോൾ ദുബായിൽ നിന്ന് 1,500 ദിർഹമാണ്. കൊച്ചിയിലേക്ക് അബുദാബിയിൽ നിന്ന് 1,376 ദിർഹത്തിന് ടിക്കറ്റ് ലഭിക്കുമ്പോൾ ദുബായിൽ നിന്ന് 1,959 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. എന്നാൽ ഡൽഹിയിലേക്കും ഇസ്താംബൂളിലേക്കും ഷാർജ എയർപോർട്ടാണ് കൂടുതൽ ലാഭകരം. കറാച്ചിയിലേക്ക് ദുബായ് വഴിയും കുറഞ്ഞ നിരക്കുകൾ ലഭ്യമാണ്. യാത്ര തിരിക്കും മുൻപ് മൂന്ന് എയർപോർട്ടുകളിലെയും നിരക്കുകൾ പരിശോധിക്കുന്നത് കുടുംബമായി യാത്ര ചെയ്യുന്നവർക്ക് വലിയ ലാഭമുണ്ടാക്കും.
CheapFlightsUAE
ദുബായ് : സ്കൂൾ അവധിക്കാലം ആരംഭിക്കുന്നതോടെ യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന മുന്നറിയിപ്പുകൾക്കിടയിലും, കൃത്യമായ ആസൂത്രണത്തിലൂടെ യാത്രക്കാർക്ക് പണം ലാഭിക്കാൻ കഴിയുമെന്ന് ട്രാവൽ ഏജന്റുമാർ വ്യക്തമാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തിരക്ക് കൂടുന്നതിന് മുൻപ് ജൂൺ മാസത്തെ കുറഞ്ഞ നിരക്കുകൾ പ്രയോജനപ്പെടുത്താൻ യാത്രക്കാർ ശ്രദ്ധിക്കണം.
യാത്രകളിൽ മികച്ച ലാഭം നേടുന്നതിനായി വിദഗ്ദ്ധർ പങ്കുവെക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ് :
യാത്രാ തീയതികളിൽ മാറ്റം വരുത്തുക : വാരാന്ത്യങ്ങളിലെ തിരക്കേറിയ ദിവസങ്ങൾ ഒഴിവാക്കി പ്രവൃത്തിദിവസങ്ങളിൽ (Mid-week) യാത്ര ചെയ്യുന്നത് വഴി ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസം ലഭിക്കും.
മറ്റ് എയർപോർട്ടുകൾ തിരഞ്ഞെടുക്കുക : ദുബായ് എയർപോർട്ടിലെ ഉയർന്ന നിരക്കുകൾ ഒഴിവാക്കാൻ ഷാർജ, റാസൽഖൈമ തുടങ്ങിയ മറ്റ് എയർപോർട്ടുകളിൽ നിന്നുള്ള സർവീസുകൾ ഒത്തുനോക്കാവുന്നതാണ്.
കണക്റ്റിങ് വിമാനങ്ങൾ ഉപയോഗിക്കുക : നേരിട്ടുള്ള ഫ്ലൈറ്റുകൾക്ക് (Direct flights) നിരക്ക് കൂടുതലാണെങ്കിൽ, പ്രത്യേകിച്ച് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾ മികച്ചൊരു ബദലാണ്.
മറഞ്ഞിരിക്കുന്ന ചെലവുകൾ ശ്രദ്ധിക്കുക : കുറഞ്ഞ നിരക്കിലുള്ള എയർലൈനുകൾ (Budget carriers) തിരഞ്ഞെടുക്കുമ്പോൾ ലഗേജ് ചാർജ്, സീറ്റ് സെലക്ഷൻ, ഭക്ഷണം എന്നിവയ്ക്കായി വരുന്ന അധിക തുക കൂടി കണക്കാക്കി വേണം മൊത്തം നിരക്ക് വിലയിരുത്താൻ.
പുതിയ യാത്രാ കേന്ദ്രങ്ങൾ കണ്ടെത്തുക : പരമ്പരാഗത വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളായ ലണ്ടൻ, പാരീസ് എന്നിവയ്ക്ക് പകരം താരതമ്യേന തിരക്ക് കുറഞ്ഞതും തണുപ്പുള്ളതുമായ ജോർജിയ (ബറ്റുമി, തിബിലിസി), സെൻട്രൽ ഏഷ്യൻ രാജ്യങ്ങൾ എന്നിവ തിരഞ്ഞെടുക്കാം.അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ റീഫണ്ട് പോളിസികളും വിസ നിയമങ്ങളും കൃത്യമായി പരിശോധിക്കണമെന്നും, ഷെഡ്യൂളുകളിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ സെമി-ഫ്ലെക്സിബിൾ ടിക്കറ്റുകൾ എടുക്കുന്നതാണ് സുരക്ഷിതമെന്നും ട്രാവൽ ഏജൻസി സിഇഒമാർ ഓർമ്മിപ്പിച്ചു.