അബുദാബി : പരിസ്ഥിതി സംരക്ഷണവും വന്യജീവി പരിപാലനവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടനയായ ഐയുസിഎന്നുമായി (IUCN) സുപ്രധാന പങ്കാളിത്ത കരാറിൽ ഒപ്പുവെച്ച് എൻവയോൺമെന്റ് ഏജൻസി അബുദാബി (EAD). പശ്ചിമേഷ്യയിൽ നിന്ന് ഐയുസിഎന്നുമായി ഇത്തരമൊരു ഉന്നതതല സ്ഥാപനപരമായ സഹകരണത്തിൽ ഏർപ്പെടുന്ന ആദ്യ സംഘടനയാണ് ഇഎഡി. അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇഎഡി ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് അബുദാബിയിൽ വെച്ച് ഈ ചരിത്ര കരാർ ഒപ്പിട്ടത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഇരു സംഘടനകളും തമ്മിൽ നിലനിൽക്കുന്ന ശക്തമായ ബന്ധത്തിന്റെ തുടർച്ചയാണ് ഈ പുതിയ കരാർ. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം, ആഗോള പരിസ്ഥിതി ചർച്ചകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഈ സഖ്യം വലിയ സംഭാവന നൽകും. ഇഎഡി വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് അൽ ബൊവാർദി, ഐയുസിഎൻ പ്രസിഡന്റ് റസാൻ ഖലീഫ അൽ മുബാറക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കരാർ പ്രകാരം അടുത്ത നാല് വർഷത്തേക്ക് ജൈവവൈവിധ്യ സംരക്ഷണം, ഇക്കോസിസ്റ്റം പരിപാലനം, സുസ്ഥിര വികസനം തുടങ്ങിയ അന്താരാഷ്ട്ര സംരംഭങ്ങൾക്ക് അബുദാബി പൂർണ്ണ പിന്തുണ നൽകും. 2012 മുതൽ ഐയുസിഎൻ അംഗമായ ഇഎഡി, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ‘റെഡ് ലിസ്റ്റ്’ ഉൾപ്പെടെയുള്ള ആഗോള പദ്ധതികളിൽ മുൻപും നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്.