അബുദാബി : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎഇ സന്ദർശിച്ചുവെന്ന വാർത്തകൾ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഔദ്യോഗികമായി നിഷേധിച്ചു. കൂടാതെ, ഇസ്രായേലിൽ നിന്നുള്ള സൈനിക സംഘത്തെ രാജ്യം സ്വീകരിച്ചുവെന്ന റിപ്പോർട്ടുകളും യുഎഇ തള്ളി. ഇറാനുമായുള്ള യുദ്ധത്തിനിടെ താൻ രഹസ്യമായി യുഎഇ സന്ദർശിച്ചുവെന്നും അതൊരു ചരിത്രപരമായ മുന്നേറ്റമാണെന്നും നെതന്യാഹു അവകാശപ്പെട്ടതിന് പിന്നാലെയാണ് യുഎഇയുടെ ഈ വിശദീകരണം.
ഇസ്രായേലുമായുള്ള യുഎഇയുടെ ബന്ധം പരസ്യവും ഔദ്യോഗികവുമായ അബ്രഹാം ഉടമ്പടിയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. സുതാര്യമല്ലാത്തതോ ഔദ്യോഗികമല്ലാത്തതോ ആയ യാതൊരു നീക്കങ്ങളും ഇതിന് പിന്നിലില്ല. യുഎഇയിലെ ബന്ധപ്പെട്ട അധികൃതർ ഔദ്യോഗികമായി അറിയിക്കാത്ത പഖ്യാപിക്കപ്പെടാത്ത സന്ദർശനങ്ങളെക്കുറിച്ചോ ഉടമ്പടികളെക്കുറിച്ചോ ഉള്ള എല്ലാ അവകാശവാദങ്ങളും അടിസ്ഥാനരഹിതമാണെന്നും പ്രസ്താവനയിൽ പറയുന്നു.
മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതിൽ കൃത്യതയും പ്രൊഫഷണലിസവും പുലർത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയ വിവരണങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഇറാനുമായുള്ള സംഘർഷത്തിനിടെ യുഎഇക്ക് നേരെ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ട സാഹചര്യം നിലനിൽക്കെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്.