യുഎഇ : അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് ആവേശകരമായ തുടക്കമാകുമ്പോൾ യുഎഇയിലെ ഫുട്ബോൾ ആരാധകർക്ക് കർശന നിർദ്ദേശവുമായി അധികൃതർ രംഗത്ത്. ടൂർണമെന്റിലെ മത്സരങ്ങൾ വ്യാജ ലിങ്കുകൾ വഴിയോ അനധികൃത ഐപിടിവി ബോക്സുകൾ വഴിയോ സ്ട്രീം ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകകപ്പിലെ ഓരോ മത്സരവും അതിന്റെ തത്സമയ സംപ്രേഷണവും ഹൈലൈറ്റുകളും പൂർണ്ണമായും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്) സംരക്ഷണയിലാണ്. അതിനാൽ രാജ്യത്തെ താമസക്കാർ ലൈസൻസുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ വഴി മാത്രമേ മത്സരങ്ങൾ കാണാവൂ എന്ന് അധികൃതർ വ്യക്തമാക്കി.
മെക്സിക്കോയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ടിവിയിലൂടെയും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയും കളി കാണാൻ ഒരുങ്ങുന്നത്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. യുഎഇ കോപ്പിറൈറ്റ് നിയമപ്രകാരം (Federal Decree-Law No. 38 of 2021) അനുമതിയില്ലാതെ ലൈവ് ഫീഡുകൾ പങ്കുവെക്കുന്നതും റീബ്രോഡ്കാസ്റ്റ് ചെയ്യുന്നതും ശിക്ഷാർഹമാണ്. നിയമം ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ തീവ്രത അനുസരിച്ച് 10,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ പിഴ ചുമത്തും. വാണിജ്യ ആവശ്യങ്ങൾക്കായി വ്യാജ സ്ട്രീമിങ് നടത്തുന്നവർക്ക് പിഴ തുക ഇതിലും വർദ്ധിക്കും. കൂടാതെ കടുത്ത നിയമലംഘനങ്ങൾക്ക് തടവുശിക്ഷ, സംപ്രേഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ കണ്ടുകെട്ടൽ, നിയമവിരുദ്ധ സൈറ്റുകൾ ബ്ലോക്ക് ചെയ്യൽ തുടങ്ങിയ കടുത്ത നടപടികളും നേരിടേണ്ടി വരും.
മിഡിൽ ഈസ്റ്റ് – നോർത്ത് ആഫ്രിക്ക (മെന) മേഖലയിൽ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ കായിക ശൃംഖലയായ ബീൻ സ്പോർട്സിനാണ് (beIN Sports). ടെലിവിഷൻ ചാനലുകൾക്ക് പുറമെ അവരുടെ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമായ ‘ടോഡ്’ (TOD) ആപ്പ് വഴിയും ആരാധകർക്ക് നിയമപരമായി മത്സരങ്ങൾ തത്സമയം ആസ്വദിക്കാം. മൊബൈൽ, ലാപ്ടോപ്പ്, സ്മാർട്ട് ടിവി എന്നിവയിൽ ഡിജിറ്റൽ സംപ്രേഷണം ലഭ്യമാണ്.
കൂട്ടമായി ഇരുന്ന് കളി കാണാൻ ആഗ്രഹിക്കുന്നവർക്കായി യുഎഇയിലെ വിവിധ നഗരങ്ങളിൽ ഔദ്യോഗിക ഫാൻ സോണുകളും വലിയ സ്ക്രീനുകളും സജ്ജീകരിച്ചിട്ടുണ്ട്. ദുബായിൽ അനുമതിയുള്ള ഫാൻ സോണുകൾ, തിയേറ്ററുകൾ, ഹോട്ടലുകൾ എന്നിവടങ്ങളിലും അബുദാബിയിലെ പ്രമുഖ വിനോദ കേന്ദ്രങ്ങളിലും നിയമപരമായ അനുമതിയോടെ മത്സരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. സുരക്ഷിതമായി നിയമങ്ങൾ പാലിച്ച് ലോകകപ്പ് ആവേശം ഉൾക്കൊള്ളാൻ ആരാധകർ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.