അബുദാബി : അമിത രക്തസമ്മർദ്ദത്തിന് ചികിത്സിക്കുന്നതിനായുള്ള അത്യാധുനിക മരുന്നായ ‘ബാക്സ്ഫെൻഡി’ക്ക് (Baxfendy) എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നൽകി. ഇതോടെ, ഈ നൂതന ചികിത്സാ രീതിക്ക് ലോകത്താദ്യമായി അനുമതി നൽകുന്ന രാജ്യമെന്ന നേട്ടം യുഎഇ സ്വന്തമാക്കി.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന രോഗികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ പുതിയ കണ്ടെത്തൽ. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റിന്റെ ഈ തീരുമാനം യുഎഇയിലെ ആരോഗ്യമേഖലയ്ക്ക് പുതിയ കരുത്ത് പകരും. ഇത്തരം അത്യാധുനിക ചികിത്സകൾക്ക് ആഗോളതലത്തിൽ തന്നെ ആദ്യമായി അനുമതി നൽകുന്നത് വഴി ലോകത്തിന്റെ ആരോഗ്യ കേന്ദ്രമായി മാറാനുള്ള യുഎഇയുടെ ശ്രമങ്ങൾക്കാണ് വേഗത കൂടുന്നത്.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ നിലവിലുള്ള മരുന്നുകൾ ഫലിക്കാത്ത രോഗികൾക്കാണ് ‘ബാക്സ്ഫെൻഡി’ പ്രധാനമായും പ്രയോജനപ്പെടുക. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ശാസ്ത്രീയ പഠനങ്ങളും അടിസ്ഥാനമാക്കിയാണ് ഈ മരുന്ന് വികസിപ്പിച്ചെടുത്തിരിക്കുന്നത്. യുഎഇയിൽ ഈ മരുന്നിന് അംഗീകാരം ലഭിച്ചതോടെ ഉയർന്ന രക്തസമ്മർദ്ദം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പ്രതീക്ഷിക്കുന്നു.