അബുദാബി : അബുദാബിയിലെ അൽ ദഫ്റ മേഖലയിലുള്ള ബറാക്ക സമാധാനപരമായ ആണവ നിലയത്തിന് പുറത്തുള്ള വൈദ്യുതി ജനറേറ്ററെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണത്തെ തുടർന്ന് യു.എ.ഇ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗത്തിൽ പങ്കെടുത്തു.
സമാധാനപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ഗുരുതര ലംഘനമാണെന്ന് യു.എ.ഇ വ്യക്തമാക്കി. ഇത് പ്രാദേശികവും അന്താരാഷ്ട്രവുമായ സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും യു.എ.ഇ ചൂണ്ടിക്കാട്ടി.
സംഭവത്തെ ശക്തമായി അപലപിക്കണമെന്ന് യു.എൻ സുരക്ഷാ കൗൺസിലിനോട് യു.എ.ഇ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും എതിരായ യാതൊരു ഭീഷണിയും അംഗീകരിക്കില്ലെന്നും പ്രധാന സൗകര്യങ്ങളും പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിടുന്ന ആക്രമണങ്ങളെ ശക്തമായി നേരിടുമെന്നും യു.എ.ഇ വ്യക്തമാക്കി.