അബുദാബി : ഈ വർഷത്തെ ദുൽഹജ്ജ് മാസപ്പിറവി മേയ് 17-ന് ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് വാനശാസ്ത്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെയെങ്കിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) മേയ് 27 ബുധനാഴ്ച തുടങ്ങാനാണ് സാധ്യതയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അബുദാബി ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസ്ട്രോണമിക്കൽ സെന്ററാണ് ഈ കണക്കുകൂട്ടലുകൾ പുറത്തുവിട്ടത്.
മേയ് 17 ഞായറാഴ്ച ഇസ്ലാമിക രാജ്യങ്ങൾ ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കും. അന്ന് കിഴക്കൻ ഏഷ്യ, തെക്കൻ ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ ടെലസ്കോപ്പിലൂടെ മാസപ്പിറവി കാണാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. മധ്യ-പടിഞ്ഞാറൻ ഏഷ്യ, വടക്കേ ആഫ്രിക്ക, അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ ചന്ദ്രക്കല ദൃശ്യമാകാൻ സാധ്യതയുണ്ട്.
ഈ കണക്കുകൂട്ടലുകൾ പ്രകാരം മേയ് 18 തിങ്കളാഴ്ച ദുൽഹജ്ജ് മാസം ഒന്നാം തീയതിയായിരിക്കും. ഇത് ശരിയാണെങ്കിൽ മിക്ക ഇസ്ലാമിക രാജ്യങ്ങളിലും മേയ് 27 ബുധനാഴ്ചയായിരിക്കും ബലിപെരുന്നാൾ ആഘോഷിക്കുക. എങ്കിലും ഔദ്യോഗികമായ മാസപ്പിറവി നിരീക്ഷണ സമിതിയുടെ തീരുമാനത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ.