ദുബായ് : ദുബായിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെ തൃശൂർ സ്വദേശിയായ പ്രവാസി മലയാളി കുഴഞ്ഞുവീണു മരിച്ചു. തൃശൂർ ചിറ്റിലക്കാട് സൗത്ത് പുതിയതറ സ്വദേശി അൻവർ സാദിഖ് (42) ആണ് മരിച്ചത്. മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് ഇദ്ദേഹം ദുബായിൽ എത്തിയത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ 38 കാരനായ മുഹമ്മദ് സഫ്വാൻ ഷാനു എന്ന പ്രവാസി കുഴഞ്ഞുവീണു മരിച്ചിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ കായികവിനോദങ്ങളിൽ ഏർപ്പെടുന്നവർക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. യുവാക്കളിൽ മുൻകൂട്ടി തിരിച്ചറിയാത്ത ഹൃദ്രോഗലക്ഷണങ്ങളോ ജന്മനായുള്ള ഹൃദയവൈകല്യങ്ങളോ ആകാം കടുത്ത ശാരീരിക അധ്വാനത്തിനിടയിൽ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നതെന്ന് മെഡിക്കൽ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
Tag: