ദുബായ് : ഇറാന്റെ അമിതമായ പ്രാദേശിക അധിനിവേശ മോഹങ്ങൾക്ക് അറബ് മേഖല മുഴുവൻ വലിയ വില നൽകേണ്ടിവരികയാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ മുഹമ്മദ് ഗർഗാഷ്. പരമാധികാരം, നല്ല അയൽപക്കം, പരസ്പര കാര്യങ്ങളിലുള്ള ഇടപെടാതിരിക്കൽ എന്നിവയുടെ അടിസ്ഥാനത്തിൽ പ്രാദേശിക ബന്ധങ്ങൾ പുനർമൂല്യനിർണ്ണയം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
എക്സ് (മുമ്പ് ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അറേബ്യൻ ഗൾഫ് മുതൽ യെമൻ, ലെബനൻ, ഇറാഖ് വരെയുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന നിരന്തരമായ അസ്ഥിരതകൾ പ്രാദേശിക സുരക്ഷയെയും സമാധാനത്തെയും തകർക്കുന്ന ടെഹ്റാന്റെ വിപുലീകരണ നയങ്ങളുടെ അനന്തരഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മേഖലയിലെ ഒരു രാജ്യത്തിന്റെയും പങ്ക് മറ്റ് രാജ്യങ്ങളുടെ സുരക്ഷയോ, സ്ഥിരതയോ, പങ്കിട്ട പുരോഗതിയെയോ തകർത്തുകൊണ്ടുള്ളതാകരുതെന്നും ഗർഗാഷ് ഓർമ്മിപ്പിച്ചു. ഭാവിയിൽ ഇറാനുമായുള്ള ബന്ധം വ്യക്തമായ അടിത്തറയിലായിരിക്കണം കെട്ടിപ്പടുക്കേണ്ടതെന്നും അതിൽ പരസ്പര പരമാധികാരത്തെ ബഹുമാനിക്കൽ ഒഴിച്ചുകൂടാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഖലയിലുടനീളം സ്ഥിരതയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് ചർച്ചകളും പ്രാദേശിക സഹകരണവുമാണ് പ്രധാന തത്വങ്ങളെന്ന് യുഎഇ എക്കാലത്തും ആവശ്യപ്പെടുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.