ദുബായ്: റെക്കോർഡ് പങ്കാളിത്തം കൊണ്ട് ചരിത്രം കുറിച്ച പത്താമത് അറബ് റീഡിങ് ചലഞ്ചിൽ പന്ത്രണ്ടുകാരിയായ ദാന ആദിൽ അൽ സറൂണി യുഎഇ ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു. എക്സ്പോ ദുബായിലെ ദുബായ് എക്സിബിഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് വിജയിയെ പ്രഖ്യാപിച്ചത്. യുഎഇയിലുടനീളമുള്ള സ്കൂളുകളിൽ നിന്നായി 8,30,000-ത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. ഈ ചരിത്രപരമായ നേട്ടത്തോടെ, അറബ് റീഡിങ് ചലഞ്ചിന്റെ ചരിത്രത്തിൽ യുഎഇയിൽ നിന്ന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പങ്കാളിത്തമായി ഈ പതിപ്പ് മാറി. ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ചെയർപേഴ്സൺ ഷെയ്ഖ ലത്തീഫ ബിന്ത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വിദ്യാഭ്യാസ മന്ത്രി സാറ ബിന്ത് യൂസഫ് അൽ അമീരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര വിതരണം.
ഷാർജയിലെ അൽ മഹ്മൂദ് സ്കൂളിലെ ഹമദ് മുഹമ്മദ് ഇബ്രാഹിം അൽ ഹാഷിമി മത്സരത്തിൽ രണ്ടാം സ്ഥാനവും, അബുദാബിയിലെ ഖലീഫ ബിൻ സായിദ് അൽ അവ്വൽ സ്കൂളിലെ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒരു വ്യക്തി തന്റെ ലക്ഷ്യങ്ങളിലേക്ക് ചുവടുവെക്കുന്നത് മനസ്സിൽ രൂപപ്പെടുന്ന ഒരു ആശയത്തിൽ നിന്നാണെന്നും, തന്റെ ഈ വിജയം അറബി ഭാഷയ്ക്കും നമ്മുടെ വ്യക്തിത്വം രൂപപ്പെടുത്തിയ അക്ഷരങ്ങൾക്കുമായി സമർപ്പിക്കുന്നുവെന്നും ചരിത്രവിജയത്തിന് ശേഷം ദാന ആദിൽ അൽ സറൂണി പ്രതികരിച്ചു. വായനാശീലം വളർത്തുന്നതിനായി യുഎഇ ഭരണാധികാരികൾ നടപ്പിലാക്കുന്ന ഇത്തരം വലിയ പദ്ധതികൾ വരുംതലമുറയ്ക്ക് വലിയ ഊർജ്ജമാണ് പകരുന്നത്.