അംസ്റ്റർഡാം : ആഡംബര പര്യവേഷണ കപ്പലായ എം.വി ഹോണ്ടിയസിൽ ഹാന്റ വൈറസ് പടരുന്നതായി റിപ്പോർട്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച മൂന്നാമത്തെ യാത്രക്കാരനെയും കപ്പലിൽ നിന്ന് എയർലിഫ്റ്റ് ചെയ്ത് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. കപ്പലിൽ പടരുന്നത് സാധാരണ ഹാന്റ വൈറസിനേക്കാൾ അപകടകാരിയായ ‘ആൻഡീസ് വൈറസ്’ (Andes virus) ആണെന്ന് സ്ഥിരീകരിച്ചതോടെ അന്താരാഷ്ട്ര ആരോഗ്യ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.
ഏപ്രിൽ ഒന്നിന് അർജന്റീനയിലെ ഉഷുവയയിൽ നിന്ന് യാത്ര തിരിച്ച കപ്പലിൽ ഇതുവരെ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആദ്യ മരണം ഏപ്രിൽ 11-ന് ഒരു ഡച്ച് പൗരന്റേതായിരുന്നു. എന്നാൽ ഇത് സ്വാഭാവിക മരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും സമാന ലക്ഷണങ്ങളോടെ ദക്ഷിണാഫ്രിക്കയിൽ വെച്ച് മരണപ്പെട്ടു. മെയ് 2-ന് ഒരു ജർമ്മൻ സ്വദേശി കൂടി കപ്പലിൽ വെച്ച് മരിച്ചതോടെയാണ് സംഭവം ഗൗരവകരമായത്. നിലവിൽ സ്വിറ്റ്സർലൻഡ്, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സാധാരണ ഹാന്റ വൈറസുകൾ എലികളിൽ നിന്ന് മാത്രമേ മനുഷ്യരിലേക്ക് പടരാറുള്ളൂ. എന്നാൽ ഈ കപ്പലിൽ കണ്ടെത്തിയ ‘ആൻഡീസ് വൈറസ്’ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പടരാൻ ശേഷിയുള്ളതാണ്. ഇതാണ് ആരോഗ്യ പ്രവർത്തകരെ കൂടുതൽ ആശങ്കയിലാക്കുന്നത്. കപ്പലിൽ സമ്പർക്കമുണ്ടായിരുന്ന 12 രാജ്യങ്ങളിൽ നിന്നുള്ള 29-ഓളം യാത്രക്കാർ നേരത്തെ സെന്റ് ഹെലീന ദ്വീപിൽ ഇറങ്ങി സ്വന്തം നാടുകളിലേക്ക് മടങ്ങിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകാരോഗ്യ സംഘടനയുടെ (WHO) നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
149 യാത്രക്കാരും ജീവനക്കാരുമാണ് കപ്പലിലുള്ളത്. ഇതിൽ രണ്ട് ഇന്ത്യൻ ജീവനക്കാരും ഉൾപ്പെടുന്നു. നിലവിൽ കപ്പൽ കേപ് വേർഡിന് സമീപം നങ്കൂരമിട്ടിരിക്കുകയാണ്. അവിടെ നിന്ന് സ്പെയിനിലെ കാനറി ഐലൻഡിലേക്ക് (Tenerife) യാത്ര തിരിക്കാനാണ് അധികൃതരുടെ തീരുമാനം. യാത്രക്കാരെല്ലാവരും നിലവിൽ അവരവരുടെ ക്യാബിനുകളിൽ നിരീക്ഷണത്തിലാണ്. കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷമേ ഇവരെ കപ്പലിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.